ദില്ലി : ഓൾട്ട് ന്യൂസ് സഹ സ്ഥാപകൻ മുഹമ്മദ് സുബൈറിന് എതിരായ യുപിയിലെ കേസുകൾ അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം. അഞ്ചു ജില്ലകളിലായി 6 കേസുകളാണ് സുബൈറിന് എതിരെ യുപിയിൽ റജിസ്റ്റർ ചെയ്തത്.
ഓൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിന്റെ ഇടക്കാല ജാമ്യം സുപ്രീംകോടതി നീട്ടി. സെപ്തംബർ 7 വരെയാണ് ജാമ്യം നീട്ടിയത്. മറ്റൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ ജാമ്യം തുടരുമെന്ന് കോടതി അറിയിച്ചു. സീതാപൂരിൽ രജിസ്റ്റർ ചെയ്ത എഫ്ഐആർ റദ്ദാക്കണം എന്നാവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവെയാണ് സുപ്രീംകോടതി ഇടക്കാല ജാമ്യം നീട്ടിയത്.
ദില്ലിയിലും ലഖീംപൂരിലും രജിസ്റ്റർ ചെയ്ത കേസുകളിൽ ജുഡീഷ്യൽ കസ്റ്റഡി തുടരുന്നതിനാൽ സുബൈറിന് പുറത്തിറങ്ങാൻ സാധിക്കില്ല. അതേസമയം സത്യവാങ്മൂലം സമർപ്പിക്കാൻ യുപി സർക്കാർ കൂടുതൽ സമയം ആവശ്യപ്പെട്ടു. ഇതിനിടെ ദില്ലിയിൽ രജിസ്റ്റർ ചെയ്ത കേസിൽ ജാമ്യം ആവശ്യപ്പെട്ടുള്ള സുബൈറിന്റെ ഹർജി പരിഗണിക്കുന്നത് പട്യാല ഹൗസ് കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി. സെപ്ഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർക്ക് ഹാജരാകാൻ കഴിയില്ല എന്ന് അറിയിച്ചതിനെ തുടർന്നാണ് കേസ് മാറ്റിയത്.
1983 ലെ ‘കിസി സേ ന കഹാ’ എന്ന ഹിന്ദി ചിത്രത്തിലെ ഒരു ദൃശ്യം പങ്കുവെച്ച് നടത്തിയ ട്വീറ്റിലാണ് മാധ്യമപ്രവര്‍ത്തകൻ മുഹമ്മദ് സുബൈറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. മതവികാരം വ്രണപ്പെടുത്തല്‍, വിദ്വേഷം വളർത്തല്‍ തുടങ്ങിയ വകുപ്പുകള്‍ സുബൈറിനെതിരെ ചുമത്തിയിട്ടുണ്ട്. ഹനുമാന്‍ ഭക്ത് എന്ന വ്യക്തിവിവരങ്ങള്‍ ഇല്ലാത്ത ട്വിറ്റർ ഐഡി ഇക്കാര്യം ചൂണ്ടിക്കാട്ടി ദില്ലി പൊലീസിനെ ടാഗ് ചെയ്തതിന്‍റെ അടിസ്ഥാനത്തിലാണ് നടപടിയുണ്ടായത്.
ഓൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിനെതിരെ മറ്റൊരു കേസിൽ കൂടി കഴിഞ്ഞ ദിവസം യുപി പൊലീസ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ലഖീംപൂർ ഖേരിയിൽ ഒരു വർഷം മുമ്പ് ലഭിച്ച പരാതിയിൽ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇപ്പോൾ വാറണ്ട് ഇറക്കിയത്. ട്വിറ്ററിലൂടെ വ്യാജ വാർത്ത പ്രചരിപ്പിച്ച് മത സൗഹാർദ്ദം തകർക്കാൻ ശ്രമിച്ചുവെന്ന് കാട്ടി ആശിശ് കുമാർ കട്ടിയാർ എന്നയാൾ നൽകിയ പരാതിയിലാണ് ലഖീംപൂർ ഖേരി പൊലീസിൻറെ പുതിയ നടപടി. ഇയാള്‍ സുദര്‍ശന്‍ ടിവിയിലെ ജീവനക്കാരനാണെന്ന് റിപ്പോര്‍ട്ടുണ്ട്. നിലവിൽ ദില്ലിയിൽ രജിസ്റ്റർ ചെയ്ത കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ് സുബൈർ.
അതേസമയം ഓൾട്ട് ന്യൂസിനായി വിദേശത്ത് നിന്ന് സംഭാവന സ്വീകരിച്ചിട്ടില്ലെന്ന് പേയ്മെൻറ് ഗേറ്റ് വേ ആയ റേസർ പേ അറിയിച്ചു. സംഭാവനകൾ സ്വീകരിക്കാനായി ഓൾട്ട് ന്യൂസ് ഉപയോഗിക്കുന്ന ഗേറ്റ് വേ ആണ് റേസർ പേ. എഫ്‍സിആർഎ അനുമതി ഇല്ലാതെ വിദേശ സംഭാവന സ്വീകരിക്കില്ല എന്നതാണ് കമ്പനി നയമെന്ന് റേസർ പേ വ്യക്തമാക്കി. ഓൾട്ട് ന്യൂസ് വിദേശ സംഭാവന സ്വീകരിച്ചു എന്ന് ദില്ലി പൊലീസ് കോടതിയിൽ പറഞ്ഞിരുന്നു.