കൊച്ചി : തൃക്കാക്കര ഉപതിരഞ്ഞെടുപ്പു പ്രചാരണപ്പോരിൽ പരാതികളും പോലീസ് കേസും. പ്രചാരണത്തിനിടെയുണ്ടായ ആരോപണ പ്രത്യാരോപണങ്ങൾ അതിരുവിട്ടതുമായി ബന്ധപ്പെട്ട് ഇന്നലെ മാത്രം വിവിധ പോലീസ് സ്റ്റേഷനുകളിൽ റജിസ്റ്റർ ചെയ്തതു 3 കേസുകൾ. മുഖ്യമന്ത്രിക്കെതിരായി വിവാദ പരാമർശം നടത്തിയെന്നു ഡിവൈഎഫ്ഐ നൽകിയ പരാതിയിൽ കെപിസിസി പ്രസിഡന്റ് കെ. സുധാകരനെതിരെ ലഹളയ്ക്കു കാരണമാകുന്ന പ്രകോപനമുണ്ടാക്കിയെന്നതിനടക്കം (153 വകുപ്പ്) പാലാരിവട്ടം പോലീസ് കേസെടുത്തു.
കോൺഗ്രസ് നേതാക്കളായ ഡൊമിനിക് പ്രസന്റേഷൻ, ജെബി മേത്തർ എന്നിവരുടെ പരാതികളിൽ എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലും ഇൻഫോ പാർക്ക് പോലീസ് സ്റ്റേഷനിലും ഓരോ കേസുകളും റജിസ്റ്റർ ചെയ്തിട്ടുണ്ട്. തൃക്കാക്കര സ്ഥാനാർഥി ഉമയെയും അന്തരിച്ച എംഎൽഎ പി.ടി.തോമസിനെയും അധിക്ഷേപിക്കും വിധം സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ടെന്നു ചൂണ്ടിക്കാട്ടി ജെബി മേത്തർ എംപി നൽകിയ പരാതിയിലാണ് ഇൻഫോപാർക്ക് പൊലീസ് സിപിഎം അനുകൂല സംഘടനാ നേതാവും പ്ലാനിങ് ആൻഡ് ഇക്കണോമിക് അഫയേഴ്സ് ഡപ്യൂട്ടി സെക്രട്ടറിയുമായ വക്കം സെന്നിനെതിരെ കേസെടുത്തത്. തനിക്കെതിരെ വ്യാജപ്രചാരണം നടത്തിയെന്നു യുഡിഎഫ് ജില്ലാ ചെയർമാൻ ഡൊമിനിക് പ്രസന്റേഷൻ നൽകിയ പരാതിയിൽ ക്രൈം എഡിറ്റർ ടി.പി.നന്ദകുമാറിനെതിരെയാണ് എറണാകുളം നോർത്ത് പോലീസ് കേസെടുത്തത്.