ചെന്നൈ: തമിഴ്നാട്ടില്‍ പൊങ്കൽ സമ്മാനമായി പണവും നല്‍കുമെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി സ്റ്റാലിൻ. റേഷൻ കാർഡ് ഉടമകൾക്ക് 1000 രൂപ വീതം നൽകുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ആദ്യഘട്ടത്തിൽ പൊങ്കൽ കിറ്റിനൊപ്പം പണം പ്രഖ്യാപിച്ചിരുന്നില്ല. ഇതിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. വീട്ടമ്മമാർക്കുള്ള വേതനവും പൊങ്കലിന് മുൻപ് നൽകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഈ മാസം 10 ന് പണം ബാങ്ക് അക്കൗണ്ടിലെത്തും. സാധാരണ എല്ലാ മാസവും 15 നാണ് വീട്ടമ്മമാർക്കുള്ള വേതനം നൽകുന്നത്. ഒരു കിലോഗ്രാം അരിയും ഒരു കിലോഗ്രാം പഞ്ചസാരയും കരിമ്പുമാണ് പൊങ്കൽ കിറ്റിലുള്ളത്. റേഷന്‍ കാര്‍ഡുടമകള്‍ക്കാണ് കിറ്റ് ലഭിക്കുക. പുനരധിവാസ ക്യാമ്പുകളില്‍ താമസിക്കുന്ന ശ്രീലങ്കൻ തമിഴര്‍ക്കും പൊങ്കല്‍ സമ്മാനം നല്‍കും. സർക്കാർ 238.92 കോടി രൂപ പദ്ധതിക്കായി നീക്കിവച്ചിട്ടുണ്ട്. തമിഴ്നാട്ടില്‍ ഏകദേശം 2.19 കോടി റേഷന്‍ കാർഡ് ഉടമകളുണ്ടെന്നാണ് സഹകരണ ഭക്ഷ്യ ഉപഭോക്തൃ സംരക്ഷണ വകുപ്പിന്‍റെ കണക്ക്.