ജയ്പൂര്‍: സര്‍ക്കാര്‍ കെട്ടിടത്തിന്റെ ബേസ്മെന്റില്‍ നിന്ന് അനധികൃതമായി സൂക്ഷിച്ചിരുന്ന 2.31 കോടി രൂപയും ഒരു കിലോ സ്വര്‍ണവും കണ്ടെത്തി. രാജസ്ഥാനിലാണ് സംഭവം. യോജന ഭവന്റെ ബേസ്‌മെന്റിലെ അലമാരയില്‍ നിന്നാണ് കണ്ടെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ബേസ്മെന്റിലേക്ക് പോകാന്‍ അനുമതിയുള്ള ഏഴ് ഉദ്യോഗസ്ഥരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്. 2000 രൂപ നോട്ട് പിന്‍വലിക്കാന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ച ഇന്നലെയാണ് ട്രോളി സ്യൂട്ട്കേസില്‍ സൂക്ഷിച്ചിരുന്ന നോട്ടുകള്‍ കണ്ടെടുത്തത്.
രണ്ടായിരത്തിന്റേയും അഞ്ഞൂറിന്റേയും നോട്ടുകെട്ടുകളാക്കിയാണ് പണം സൂക്ഷിച്ചിരുന്നത്. ആരുടെ പണമാണ് എന്നതടക്കം അന്വേഷിക്കുന്നുണ്ട്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് അന്വേഷണം പുരോഗമിക്കുന്നതെന്ന് ജയ്പൂര്‍ കമ്മീഷണര്‍ ആനന്ദ് ശ്രീവാസ്തവ പറഞ്ഞു. പണവും സ്വര്‍ണവും അലമാരയില്‍ മാസങ്ങളോളം സൂക്ഷിച്ചതായാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമാകുന്നതെന്നും ജയ്പൂര്‍ കമ്മീഷണര്‍ പറഞ്ഞു.