കൊച്ചി: നർത്തകൻ ആർ.എൽ.വി. രാമകൃഷ്ണനെതിരെ ജാതീയ അധിക്ഷേപം നടത്തിയ കേസിൽ നൃത്താധ്യാപിക സത്യഭാമയെ മേയ് 27 വരെ അറസ്റ്റ് ചെയ്യുന്നത് ഹൈകോടതി വിലക്കി. യു ട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലെ പരാമർശങ്ങൾ സംബന്ധിച്ച പരാതിയിൽ തിരുവനന്തപുരം കന്‍റോൺമെന്‍റ് പൊലീസ് എടുത്ത കേസിൽ സത്യഭാമ നൽകിയ മുൻകൂർ ജാമ്യ ഹരജിയിലാണ് ജസ്റ്റിസ് കെ. ബാബുവിന്‍റെ ഉത്തരവ്.
യു ട്യൂബിലെ അഭിമുഖത്തിൽ ആരുടെയും പേരെടുത്ത് പറഞ്ഞിട്ടില്ലെന്നും വിഡിയോ അപ്‌ലോഡ് ചെയ്തവർക്ക് ജാമ്യം ലഭിച്ചിട്ടുണ്ടെന്നുമായിരുന്നു സത്യഭാമയുടെ വാദം. തന്നെ അറസ്റ്റ് ചെയ്യാനായി പൊലീസ് പിന്നാലെയുണ്ട്. അതിനാൽ, നേരത്തേ തീരുമാനിച്ച പ്രകാരം ഈ മാസം 25ന് നടക്കാനിരിക്കുന്ന കലാപരിപാടിയിൽപോലും പങ്കെടുക്കാനാവാത്ത സ്ഥിതിയാണുള്ളതെന്നും ചൂണ്ടിക്കാട്ടി.
നെടുമങ്ങാട് എസ്.സി -എസ്.ടി പ്രത്യേക കോടതിയിൽ ജാമ്യ ഹരജി നൽകിയെങ്കിലും തള്ളി. തുടർന്നാണ് ഹൈകോടതിയെ സമീപിച്ചത്. സത്യഭാമയുടെ വാദം കേട്ട കോടതി പ്രോസിക്യൂഷനോട് വിശദീകരണം തേടുകയും ഒരാഴ്ചത്തേക്ക് അറസ്റ്റ് തടയുകയുമായിരുന്നു. തുടർന്ന് ഹരജി വീണ്ടും 27ന് പരിഗണിക്കാൻ മാറ്റി. മുൻകൂർ ജാമ്യം നൽകുന്നതിനെതിരെ രാമകൃഷ്ണൻ നൽകിയ സത്യവാങ്മൂലവും കോടതിയുടെ പരിഗണനയിലുണ്ട്.