ന്യൂഡൽഹി: തെലങ്കാനയിൽ ജാതി സെൻസസ് പ്രഖ്യാപിച്ച് ‘നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’ നടത്തിയതിന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെയും സർക്കാരിനെയും അഭിനന്ദിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാജ്യത്തിന്‍റെ അഭിവൃദ്ധിയിൽ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും തുല്യ പങ്കാളിത്തം ഉറപ്പാക്കാനുള്ള ഏക മാർഗം ജാതി സെൻസസ് മാത്രമാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
“ജാതി സെൻസസ് നീതിയിലേക്കുള്ള ആദ്യപടിയാണ്. സമൂഹത്തിന്‍റെ സാമൂഹികവും സാമ്പത്തികവുമായ ആരോഗ്യം അറിയാതെ അതിനായി കൃത്യമായ പദ്ധതികൾ തയ്യാറാക്കുക അസാധ്യമാണ്. രാജ്യത്തിന്‍റെ അഭിവൃദ്ധിയിൽ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും തുല്യ പങ്കാളിത്തം ഉറപ്പാക്കാനുള്ള ഒരേയൊരു മാർഗ്ഗം ജാതി സെൻസസ് മാത്രമാണ്. നീതിയിലേക്ക് ആദ്യ ചുവടുവെച്ചതിന് മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കും തെലങ്കാന സർക്കാരിനും അഭിനന്ദനങ്ങൾ” രാഹുൽ ഗാന്ധി എക്സിൽ പങ്കുവെച്ച പോസ്റ്റിൽ പറഞ്ഞു.
തെരഞ്ഞെടുപ്പിന് മുമ്പ് ജനങ്ങൾക്ക് നൽകിയ വാഗ്ദാനപ്രകാരം ജാതി സെൻസസ് ഉടൻ നടത്തുമെന്ന് രേവന്ത് റെഡ്ഡി അറിയിച്ചു. ന്യൂനപക്ഷങ്ങൾ, പിന്നാക്ക വിഭാഗങ്ങൾ, ആദിവാസി ക്ഷേമ വകുപ്പുകൾ എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ചേർന്ന യോഗത്തിൽ ജാതി സെൻസസ് നടത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ രേവന്ത് റെഡ്ഡി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായി ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.