എറണാകുളം : പെരുമ്പാവൂർ കീഴില്ലത്ത് കാറും മോട്ടോർ ബൈക്കും കൂട്ടിയിടിച്ച് കാറിന് തീ പിടിച്ചു. തിരുവനന്തപുരം സ്വദേശി രാധാകൃഷ്ണപ്പിള്ളയുടെ കാറാണ് അപകടത്തിൽപ്പെട്ടത്. ബൈക്കുമായി കൂട്ടിയിടിച്ചതിന് പിന്നാലെ കാറിലെ ഓയിൽ ചോർന്നതാണ് തീപടരാൻ കാരണം. ഫയർ ഫോഴ്സ് എത്തി തീ അണച്ചു. ബൈക്ക് യാത്രികനെ നിസ്സാര പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എന്നാൽ അതേ സമയം, തലസ്ഥാനത്തും സമാനമായ രീതിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടമുണ്ടായി. തിരുവനന്തപുരം നഗരൂരിലുണ്ടായ വാഹനാപകടത്തിൽ അച്ഛനും മകനുമാണ് മരിച്ചത്. സംഭവത്തിൽ തിരുവനന്തപുരം പള്ളിക്കൽ മടവൂർ സ്വദേശികളായ ഷിറാസ് (30), ജാഫർഖാൻ (42) എന്നിവരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. പ്രതികൾ രണ്ടുപേരും വ്യാപാരികളാണ്. അമിത വേഗതയിലെത്തിയ ആഢംബര വാഹനം ഓടിച്ചത് ഷിറാസായിരുന്നു. പ്രതികളുടെ രക്തപരിശോധന നടത്തിയതിൽ നിന്നും ഡ്രൈവർ മദ്യപിച്ചതായി കണ്ടെത്തിയെന്ന് പൊലീസ് അറിയിച്ചു.
ഇന്നലെ രാത്രി 8.15 ഓടെയാണ് സംഭവം. അമിതവേഗത്തിലെത്തിയ കാർ, ബൈക്കിൽ ഇടിച്ചാണ് അപകടമുണ്ടായത്. കല്ലിങ്കൽ കരിക്കകത്ത് വീട്ടിൽ പ്രദീപ് എന്ന് വിളിക്കുന്ന സുനിൽ കുമാർ, അഞ്ച് വയസ്സുള്ള മകൻ ശ്രീദേവ് എന്നിവരാണ് മരിച്ചത്. പ്രദീപിന്റെ മൂത്ത മകൻ പതിനഞ്ചുകാരൻ ശ്രീഹരി ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. കാറിന്റെ വേഗത ശ്രദ്ധയിൽപ്പെട്ട പ്രദീപ്, തന്റെ ബൈക്ക് റോഡ് സൈഡിലേക്ക് ഒതുക്കിയിരുന്നു. എന്നാൽ കാർ നിയന്ത്രണം വിട്ടെത്ത, ബൈക്കിലേക്ക് ഇടിക്കുകയായിരുന്നുവെന്നാണ് വിവരം.
പ്രദീപിനെയും പരിക്കേറ്റ മൂത്ത മകനെയും ആശുപത്രിയിലേക്ക് മാറ്റി 15 മിനുട്ടിന് ശേഷമാണ് രണ്ടാമത്തെ മകൻ ശ്രീദേവിൻറെ മൃതദേഹം റോഡിന് ചേർന്ന തോട്ടിൽ കണ്ടെത്തിയത്. സമീപത്തെ തോട്ടിലേക്ക് വീണ ശ്രീദേവിന്റെ തല കമ്പിവേലിയിൽ തട്ടി അറ്റുപോയ നിലയിലായിരുന്നു. നഗരൂർ കടയിൽ നിന്നും സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് മടങ്ങി വരികയായിരുന്നു പ്രദീപും മക്കളും. ആശുപത്രിയിലേക്ക് എത്തിക്കാനുള്ള ശ്രമത്തിനിടെയാണ് പ്രദീപ് മരിച്ചത്. ബൈക്കിൽ സഞ്ചരിക്കുകയായിരുന്നു ഇവരുടെ എതിർ ദിശയിൽ നിന്നെത്തിയ ഫോർച്യൂൺകാർ അമിതവേഗതയിലായിരുന്നുവെന്ന് ദൃക്സാക്ഷികളിൽ നിന്നും വ്യക്തമായിട്ടുണ്ട്. കാറും ബൈക്കും തകർന്ന നിലയിലാണ്. ആശുപത്രിയിൽ ചികിത്സയിലുള്ള മൂത്ത മകൻ ശ്രീഹരിയുടെ നില ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.