കൽപറ്റ: മനുഷ്യരുടെ ജീവനും സ്വത്തിനും വന്യമൃഗങ്ങളിൽനിന്ന് പൂർണ സംരക്ഷണം ആവശ്യപ്പെട്ട് എ.കെ.സി.സി മാനന്തവാടി രൂപത സമിതി വയനാട് ജില്ല ആസ്ഥാനത്ത് സംഘടിപ്പിച്ച പ്രക്ഷോഭത്തിന്റെ ഭാഗമായി നടത്തിയ റാലി നഗരത്തെ പ്രതിഷേധസാഗരമാക്കി. കൈനാട്ടി ജങ്ഷന് സമീപത്തുനിന്ന് പുതിയ സ്റ്റാൻഡ് പരിസരത്തേക്ക് നടത്തിയ റാലിയിൽ ആയിരങ്ങൾ അണിനിരന്നു.
രൂക്ഷമായ വന്യജീവിശല്യം കാരണം കർഷകജനത അനുഭവിക്കുന്ന പ്രയാസങ്ങൾ റാലിയിൽ പങ്കാളികളായവർ ഉയർത്തിയ മുദ്രാവാക്യങ്ങളിൽ പ്രതിഫലിച്ചു. ആനയും കടുവയും അടക്കം വന്യമൃഗങ്ങളുടെ കാടിറക്കം തടയുന്നതിൽ അധികാരകേന്ദ്രങ്ങൾ കാട്ടുന്ന ഉദാസീനതക്കെതിരായ രോഷം മുദ്രാവാക്യങ്ങളിൽ അലയടിച്ചു. നിയമം കൈയിലെടുക്കാൻ ജനതയെ നിർബന്ധിക്കരുതെന്ന് പ്രതിഷേധക്കാർ മുന്നറിയിപ്പുനൽകി. രൂപത വികാരി ജനറാൾ പോൾ മുണ്ടോളിക്കൽ റാലി ഫ്ലാഗ് ഓഫ് ചെയ്തു. കോട്ടയം രൂപത വയനാട് മേഖല, താമരശ്ശേരി, തലശ്ശേരി രൂപത എന്നിവിടങ്ങളിൽനിന്നുള്ള പ്രതിനിധികൾ വയനാടൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് റാലിയിൽ കൈകോർത്തു.
തലശ്ശേരി അതിരൂപാതാധ്യക്ഷൻ മാർ ജോസഫ് പാംപ്ലാനി, മാനന്തവാടി രൂപത ബിഷപ് മാർ ജോസ് പൊരുന്നേടം, താമരശ്ശേരി ബിഷപ്പും കത്തോലിക്ക കോണ്ഗ്രസ് ഗ്ലോബൽ ബിഷപ് ഡെലിഗേറ്റുമായ മാർ റെമിജിയോസ് ഇഞ്ചനാനിയിൽ, മാനന്തവാടി രൂപത സഹായമെത്രാൻ അലക്സ് താരാമംഗലം, കത്തോലിക്ക കോണ്ഗ്രസ് ഗ്ലോബൽ ഡയറക്ടർ ഫാ. ഫിലിപ്പ് കവിയിൽ, മാനന്തവാടി രൂപത ഫിനാൻസ് ഓഫിസർ ഫാ. ജോസ് കൊച്ചറയ്ക്കൽ, ഫാ. തോമസ് ജോസഫ് തേരേകം, കൽപറ്റ ഫൊറോന വികാരി ഫാ. മാത്യു പെരിയപ്പുറം, പാസ്റ്ററൽ കൗണ്സിൽ സെക്രട്ടറി ജോസ് മാത്യു പുഞ്ചയിൽ, എ.കെ.സി.സി ഭാരവാഹികളായ ഡോ. കെ.പി. സാജു, ഫാ. ജോബി മുക്കാട്ടുകാവുങ്കൽ, ജോണ്സണ് തൊഴുത്തുങ്കൽ, സെബാസ്റ്റ്യൻ പുരയ്ക്കൽ, സെബാസ്റ്റ്യൻ പാലംപറമ്പിൽ, സജി ഫിലിപ്പ്, ബീന ജോസ്, അഡ്വ. ഗ്ലാഡിസ് ചെറിയാൻ, മോളി മാമൂട്ടിൽ എന്നിവർ റാലി നയിച്ചു.