മുംബൈ: സഹോദരിയുടെ മരണത്തെ തുടർന്ന് റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ ഓൾറൗണ്ടർ ഹർഷൽ പട്ടേൽ ഐപിഎൽ ബയോ ബബ്‌ൾ വിട്ടു. മുംബൈ ഇന്ത്യൻസിനെതിരെ ശനിയാഴ്ച നടന്ന മത്സരത്തിനു ശേഷമാണു നിർഭാഗ്യകരമായ സംഭവത്തെക്കുറിച്ചു ഹർഷലിനു വിവരം ലഭിച്ചതെന്നും തുടർന്നു നാട്ടിലേക്കു തിരിക്കുകയായിരുന്നെന്നും വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.
മുംബൈയ്ക്കെതിരായ മത്സരത്തിൽ 4 ഓവറിൽ 23 റൺസ് വഴങ്ങിയ ഹർഷൽ പട്ടേൽ 2 വിക്കറ്റും വീഴ്ത്തിയിരുന്നു. ഹർഷലിന്റെ സഹോദരിയാണു മരിച്ചതെന്നും ഹർഷൽ ഉടൻതന്നെ നാട്ടിലേക്കു തിരിച്ചതായും ഐപിഎൽ വൃത്തങ്ങൾ ദേശീയ മാധ്യമമായ ഹിന്ദുസ്ഥാൻ ടൈംസിനോട് പ്രതികരിച്ചു.
ഹർഷലിന്റെ രോഗബാധിതയായ ഇളയ സഹോദരി ബാംഗ്ലൂർ– മുംബൈ മത്സരത്തിനിടെ മരിച്ചെന്നാണു റിപ്പോർട്ട്. ചെന്നൈയ്ക്കെതിരെ ചൊവ്വാഴ്ച നടക്കുന്ന മത്സരത്തിനു മുൻപ് അദ്ദേഹം ടീമിനൊപ്പം ചേരുമെന്നും ഐപിഎൽ വൃത്തങ്ങൾ പറഞ്ഞു. സീസണിൽ 4 കളിയിൽ ഇതുവരെ 6 വിക്കറ്റ് വീഴ്ത്തിയ ഹർഷലിന്റെ ഉജ്വല ഫോം ബാംഗ്ലൂരിന്റെ മുന്നേറ്റത്തിൽ നിർണായകമാണ്.