ന്യൂഡൽഹി> കാലിത്തീറ്റകുംഭകോണക്കേസിൽ ബിഹാർ മുൻ മുഖ്യമന്ത്രിയും ആർജെഡി നേതാവുമായ ലാലുപ്രസാദ് യാദവിന്റെ ജാമ്യം റദ്ദാക്കണമെന്ന സിബിഐയുടെ ഹർജി 25ന് സുപ്രീംകോടതി പരിഗണിക്കും. ലാലുപ്രസാദ് യാദവിന് ജാമ്യം അനുവദിച്ച ജാർഖണ്ഡ് ഹൈക്കോടതി ഉത്തരവിന് എതിരെയാണ് സിബിഐ അപ്പീൽ നൽകിയത്. അപ്പീൽ വെള്ളിയാഴ്‌ച്ച തന്നെ പരിഗണിക്കണമെന്ന് സിബിഐക്ക് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ ചീഫ്‌ജസ്‌റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിനോട് ആവശ്യപ്പെട്ടു.
എന്നാൽ, 25ന് പരിഗണിക്കാമെന്ന് ചീഫ്‌ജസ്‌റ്റിസ് പ്രതികരിച്ചു. എൻഡിഎയ്‌ക്ക് എതിരായ പ്രതിപക്ഷകൂട്ടായ്‌മയായ ‘ഇന്ത്യ’യുടെ മുന്നണി നേതാക്കളിൽ ഒരാളാണ് ലാലുപ്രസാദ്‌യാദവ്. നിരവധി രോഗങ്ങൾ അലട്ടുന്ന അദ്ദേഹത്തിന് 2021 ഏപ്രിലിലാണ് ജാർഖണ്ഡ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട് ദുംകാ ട്രഷറിയിൽ നിന്നും 3.13 കോടി അനധികൃതമായി പിൻവലിച്ചെന്നാണ് കേസ്.