ദില്ലി: സത്യപാൽ മല്ലിക്കിനെ വീട്ടിലെത്തി ചോദ്യം ചെയ്യാമെന്ന് സിബിഐ. സിബിഐ ഗസ്റ്റ് ഹൗസിലേക്ക് വിളിപ്പിച്ചത് ഒഴിവാക്കി. ജമ്മു കശ്മീർ മുൻ ഗവർണർ സത്യപാൽ മല്ലിക്കിനെ ഇന്നലെയാണ് സിബിഐ ചോദ്യം ചെയ്യലിനായി ഹാജരാകണമെന്ന് അറിയിച്ചത്. ജമ്മു കശ്മീരിലെ റിലയൻസ് ഇൻഷുറൻസ് അഴിമതി ആരോപണവുമായി ബന്ധപ്പെട്ടാണ് കേസ്. ജലവൈദ്യുത പദ്ധതിയിൽ കമ്മീഷൻ വാഗ്ദാനം ചെയ്തെന്ന ആരോപണത്തിലും അന്വേഷണം നടന്നേക്കും. 28ന് സമയം നൽകിയെന്ന് മല്ലിക് പറഞ്ഞു.
രാജ്യം ഞെട്ടിയ പുല്‍വാമ ഭീകരാക്രമണത്തിൽ കേന്ദ്ര സർക്കാരിൻറെ വീഴ്ചകൾ മുന്‍ ഗവർണറായ സത്യപാല്‍ മാലിക് ചൂണ്ടിക്കാട്ടിയിരുന്നു. ജവാന്മാരെ കൊണ്ടു പോകാൻ വിമാനം നൽകാത്തതും, സ്ഫോടകവസ്തു നിറച്ച കാർ രഹസ്യാന്വേഷണ ഏജൻസി കണ്ടെത്താത്തതും വീഴ്ചയാണെന്നായിരുന്നു മല്ലിക് പറഞ്ഞത്. തന്നോട് ഇക്കാര്യം മിണ്ടരുത് എന്ന നിർദ്ദേശം പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകിയെന്നും അദ്ദേഹം വെളിപ്പെടുത്തി. വിമർശനം മുന്‍ കരസേന മേധാവി ശങ്കർ റോയ് ചൗധരിയും ശരിവെച്ചിരുന്നു.
ഈ വെളിപ്പെടുത്തൽ പ്രതിപക്ഷ പാർട്ടികൾ ഏറ്റെടുക്കുകയും കേന്ദ്രസർക്കാരിനെതിരെ ശക്തമായ പ്രതിഷേധത്തിലേക്ക് നീങ്ങാൻ തീരുമാനിക്കുകയും ചെയ്തിരുന്നു. ഈ സമയത്താണ് മാലിക്കിനെതിരെയുള്ള കേന്ദ്ര ഏജൻസിയുടെ അന്വേഷണം. എന്നാൽ മാലിക്കിന്റെ വെളിപ്പെടുത്തലിൽ കേന്ദ്രസർക്കാരോ പ്രധാനമന്ത്രി നരേന്ദ്ര മോദിയോ യാതൊരു പ്രതികരണവും നടത്തിയിട്ടില്ല.