ദില്ലി: നാഷനൽ സ്റ്റോക്ക് എക്സ്ചേഞ്ച് മുൻ മാനേജിങ് ഡയറക്ടറും മുൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ചിത്ര രാമകൃഷ്ണയെ സിബിഐ ചോദ്യം ചെയ്തു. കഴിഞ്ഞ ദിവസം ഇവരുടെ വീട്ടിൽ സിബിഐ റെയിഡ് നടത്തിയിരുന്നു. ചിത്ര രാമകൃഷ്ണ, മുൻ ഓപ്പറേറ്റിങ് ഓഫിസർ ആനന്ദ് സുബ്രഹ്മണ്യൻ, ഓപ്പറേറ്റിങ് ഓഫിസർ രവി നാരായണൻ എന്നിവർ രാജ്യം വിടുന്നതിൽ നിന്ന് വിലക്കി.
2013 മുതൽ 2016 വരെയാണ് ചിത്ര നാഷനൽ സ്റ്റോക്ക് എക്സ്ചേഞ്ച് എംഡി ആയിരുന്നത്. ഹിമാലയത്തിലെ ഒരു സന്യാസിയുടെ താൽപര്യപ്രകാരം ചിത്ര ക്രമക്കേടുകൾ നടത്തിയെന്നാണ് സെബിയുടെ കണ്ടെത്തൽ. എന്നാൽ ഇയാൾ ആരെന്ന് കണ്ടെത്താനായിട്ടില്ല. ഇയാളുമായുള്ള ആശയവിനിമയം അടിമുടി ദുരൂഹമെന്നാണ് റിപ്പോര്‍ട്ട്. കൂടാതെ ചിത്ര നടത്തിയ നിയമനങ്ങളും അന്വേഷണ പരിധിയിലാണ്.
എന്‍.എസ്.ഇ. എം.ഡി.യായിരുന്ന കാലത്ത് ഓഹരി വിപണിയുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങള്‍ അജ്ഞാതന് കൈമാറിയെന്നും റിപ്പോർട്ടുണ്ട്. നേരത്തെ ക്രമക്കേടുകളുടെ പേരിൽ ചിത്രയ്ക്ക് സെബി 3 കോടി രൂപ പിഴ ചുമത്തിയിരുന്നു. ഇതിനു പിന്നാലെയാണ് സിബിഐ ചോദ്യം ചെയ്തത്. ഇവരുമായി ബന്ധപ്പെട്ട മുംബൈയിലെ കേന്ദ്രങ്ങളിൽ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു.