തിരുവനന്തപുരം : സോളാർ കേസ് അന്വേഷണത്തിന്റെ ഭാഗമായി സിബിഐ സംഘം പരിശോധനയ്ക്കായി ക്ലിഫ് ഹൗസിൽ എത്തി. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരായ കേസിലാണ് അന്വേഷണം നടക്കുന്നത്. സോളാർ കേസുമായി ബന്ധപ്പെട്ട് പ്രതി കൂടിയായ സ്ത്രീ നൽകിയ പീഡന പരാതിയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയടക്കമുള്ളവർക്ക് സിബിഐ നേരത്തെ എഫ് ഐ ആർ രജിസ്റ്റർ ചെയ്‌തിരുന്നു.
സിബിഐയുടെ തിരുവനന്തപുരം സംഘമാണ് പരിശോധനയ്ക്കായി ക്ലിഫ് ഹൗസിൽ എത്തിയത്. എത്തിയത് സോളാർ കേസിലെ അന്വേഷണത്തിന്റെ ഭാഗമായി തന്നെയാണെന്ന് അവർ സ്ഥിരീരികരിച്ചു. മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരായ കേസിലാണ് അന്വേഷണം നടക്കുന്നത്. 2021 ഓഗസ്റ്റ് 17 നാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്. അതിന്റെ അടിസ്ഥാനത്തിൽ തെളിവ് ശേഖരണത്തിനായാണ് നിലവിൽ ഇപ്പോൾ സിബിഐ സംഘം ക്ലിഫ് ഹൗസിൽ എത്തിയത്. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ താമസിച്ച സ്ഥലം കൂടിയാണ് ക്ലിഫ് ഹൗസ്.
കേസിന്റെ മുന്നോട്ടുള്ള നടപടികൾക്ക് ഇത്തരം തെളിവ് ശേഖരണം കൂടിയേ തീരു. അതിന്റെ ഭാഗമായാണ് ക്ലിഫ് ഹൗസിലെ പരിശോധന. കേസിൽ ഉമ്മൻ ചാണ്ടി, കെ സി വേണുഗോപാൽ, അടൂർ പ്രകാശ്, ഹൈബി ഈഡൻ നിലവിൽ ബിജെപി നേതാവായ എ പി അബുള്ള കുട്ടി, എ പി അനില്‍കുമാര്‍ എന്നിങ്ങനെ ആറ് പേർക്കെതിരെയാണ് എഫ് ഐ ആർ ചുമത്തിയിട്ടുള്ളത്.