ദില്ലി: സി ബി എസ് ഇ പത്താം ക്ലാസ് പരീക്ഷ ഫലം പ്രഖ്യാപിച്ചു. 94.40 ശതമാനം വിജയമാണ് ഇക്കുറി പരീക്ഷാ ഫലത്തിൽ ഉണ്ടായത്. തിരുവനന്തപുരമാണ് മേഖലകളിൽ ഏറ്റവും മികച്ച വിജയം നേടി ഒന്നാമതെത്തിയത്. 99.68 ശതമാനമാണ് തിരുവനന്തപുരം മേഖലയുടെ വിജയ ശതമാനം. പെൺകുട്ടികളിൽ 95.21 ശതമാനം പേർ വിജയം നേടി. സി ബി എസ് ഇ റിസൾട്സ്, ഡിജിലോക്കർ, റിസൾട്സ് എന്നീ സർക്കാർ വെബ്സൈറ്റുകൾ വഴി വിദ്യാർത്ഥികൾക്ക് പരീക്ഷാ ഫലം അറിയാനാവും.
സി ബി എസ് ഇ പത്താം ക്ലാസ് ഫലപ്രഖ്യാപനം നാളേക്ക് മാറ്റിവെക്കാൻ ആലോചനയുണ്ടായിരുന്നു. എന്നാൽ കേരളത്തിൽ അടക്കം പ്ലസ് ടു പ്രവർത്തനം വൈകുന്ന സാഹചര്യത്തിൽ ഇന്ന് തന്നെ ഫലം പ്രഖ്യാപിക്കാൻ തീരുമാനിക്കുകയായിരുന്നു.
ഏറെ നീണ്ടു നിന്ന അനിശ്ചിതത്വത്തിന് ഒടുവിൽ സി ബി എസ് ഇ പ്ലസ് ടു ഫലം ഇന്ന് രാവിലെ പ്രഖ്യാപിച്ചിരുന്നു. 92.71 ശതമാനം വിദ്യാർത്ഥികൾ ഉപരി പഠനത്തിന് അർഹരായി. ഏറ്റവും കൂടുതൽ വിജയ ശതമാനം തിരുവനന്തപുരം മേഖലയിലാണ്. 98.83 ശതമാനം. സംസ്ഥാനങ്ങളിലെ വിജയ ശതമാനത്തിൽ രണ്ടാം സ്ഥാനം കേരളത്തിലാണ്. ആന്ധ്ര പ്രദേശിനാണ് ഒന്നാം സ്ഥാനം.
പ്ലസ് ടു പരീക്ഷയിൽ 94.54 ശതമാനം പെൺകുട്ടികൾ ഉപരിപഠനത്തിന് അർഹത നേടി. ട്രാൻസ്ജെൻഡർ വിഭാഗത്തിൽ നൂറ് ശതമാനം വിജയമുണ്ട്. cbse.nic.in എന്ന സെറ്റിൽ ഫലം ലഭ്യമാകും. അതേസമയം കൊവിഡ് സാഹചര്യത്തിൽ ഇളവ് വന്നതോടെ അടുത്ത വർഷം ഫെബ്രുവരി പതിനഞ്ച് മുതൽ പ്ലസ്ടു പരീക്ഷ നടത്തുമെന്നും സി ബി എസ് ഇ അറിയിച്ചു.