ന്യൂഡൽഹി: സിബിഎസ്‌ഇ 11, 12 ക്ലാസുകളിലെ ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ് പുസ്തകത്തിൽനിന്നും നിരവധി അധ്യായങ്ങൾ ഒഴിവാക്കി. ചേരിചേരാ പ്രസ്ഥാനം, ശീതയുദ്ധ കാലഘട്ടം, ആഫ്രിക്കൻ-ഏഷ്യൻ പ്രദേശങ്ങളിലെ ഇസ്‌ലാമിക സാമ്രാജ്യങ്ങളുടെ ഉദയം, മുഗൾ ചരിത്രങ്ങൾ, വ്യാവസായിക വിപ്ലവം എന്നിവയെക്കുറിച്ചുള്ള അധ്യായങ്ങളാണ് ഒഴിവാക്കിയത്.
കൂടാതെ, പത്താം ക്ലാസ് സിലബസിൽനിന്നും ‘ഭക്ഷ്യ സുരക്ഷ’ എന്ന അധ്യായത്തിലെ ‘ആഗോളവൽക്കരണത്തിന്റെ ആഘാതം കാർഷികമേഖലയിൽ’ എന്ന വിഷയവും ഒഴിവാക്കി. ‘മതം, വർഗീയത, രാഷ്ട്രീയം – മതേതര രാഷ്ട്രം’ എന്ന വിഭാഗത്തിൽ ഫൈസ് അഹമ്മദ് ഫൈസ് എഴുതിയ രണ്ട് ഉറുദു കവിതകളിലെ വിവർത്തനം ചെയ്ത ഭാഗങ്ങളും ഈ വർഷം പാഠപുസ്കത്തിൽനിന്നും ഒഴിവാക്കിയിട്ടുണ്ട്.
‘ജനാധിപത്യവും വൈവിധ്യവും’ എന്ന വിഷയവും ഒഴിവാക്കിയവയുടെ കൂട്ടത്തിലുണ്ട്. സിലബസ് യുക്തിഭദ്രമാക്കുന്നിന്റെ ഭാഗമായും എൻസിഇആർടിയുടെ ശുപാർശ പ്രകാരവുമാണ് മേൽപറഞ്ഞ വിഷയങ്ങൾ പാഠ്യപദ്ധതിയിൽനിന്നും ഒഴിവാക്കുന്നതെന്നാണു സിബിഎസ്‍ഇ അധികൃതരുടെ വിശദീകരണം.