കൊച്ചി : ലഹരിമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട് ഫ്ലാറ്റിൽ യുവാവിനെ കൊലപ്പെടുത്തിയ പശ്ചാത്തലത്തിൽ കൊച്ചിയിൽ പരിശോധനകളും നടപടികളും കർശനമാക്കി പൊലീസ്. മയക്കുമരുന്ന് വിൽപ്പനയും ഉപയോഗവും തടയാൻ നടപടികൾ ക൪ശനമാക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണ൪ അറിയിച്ചു. കൊച്ചിയിലെ കൊലപാതകം നടന്ന ഫ്ലാറ്റിൽ ലഹരിമരുന്ന് ഇടപാടുകളുണ്ടായിരുന്നുവെന്നാണ് കണ്ടെത്തൽ.
പൊലീസിന്റെ മാർഗനിർദ്ദേശങ്ങൾ പാലിക്കാതെ പ്രവർത്തിക്കുന്ന ഫ്ലാറ്റ് അസോസിയേഷനുകൾക്കെതിരെ നടപടി എടുക്കു൦. സിസിടിവികൾ നിർബന്ധമാക്കും. സിസിടിവി സ്ഥാപിക്കുന്നതിലടക്ക൦ വീഴ്ച വരുത്തിയാൽ ഇവരെ കേസിൽ കൂട്ടുപ്രതികളാക്കു൦. കുറ്റകൃത്യങ്ങൾക്ക് സഹായിച്ചുവെന്ന വകുപ്പിൽ ഉൾപ്പെടുത്തു൦.ഫ്ലാറ്റുകൾ വാടകയ്ക്ക് നൽകുന്നതിന് മുൻപ് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഉറപ്പാക്കണ൦. ഇതിന്റെ നടപടികൾക്കായുള്ള രേഖകൾ ഓൺലൈനിൽ ലഭ്യമാണെന്നും കമ്മീഷണർ വിശദീകരിച്ചു.
കൊച്ചി ഫ്ലാറ്റിലെ കൊലപാതകത്തിൽ നിർണായക വിവരങ്ങളും പൊലീസ് പുറത്ത് വിട്ടു. കൊലപാതകം നടന്ന ഫ്ലാറ്റിൽ ലഹരിമരുന്നിന്റെ ഉപയോഗവും വിൽപ്പനയും നടന്നിരുന്നതായാണ് പൊലീസ് കണ്ടെത്തൽ. കൊച്ചിയിലെ ഫ്ലാറ്റിലെത്തിയാണ് പലരും ലഹരിമരുന്ന് ഉപയോഗിച്ചിരുന്നത്. കൊലക്ക് പിന്നിൽ ഇതുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കമാണെന്നും പൊലീസ് സ്ഥിരീകരിച്ചു. ലഹരി ഇടപാടുകൾ കൊച്ചിയിൽ വർധിക്കുന്നതായും പൊലീസ് വിശദീകരിച്ചു. പ്രതിയെ രക്ഷപ്പെടാൻ ഒരാൾ സഹായിച്ചിരുന്നെന്ന് സംശയിക്കുന്നുണ്ട്. കേസിൽ അതിനാൽ കൂടുതൽ അറസ്റ്റിന് സാധ്യതയുണ്ടെന്നും സ൦ശയിക്കുന്നവ൪ നിരീക്ഷണത്തിലാണെന്നും പൊലീസ് വ്യക്തമാക്കി.