കൊച്ചി: തനിക്ക് എ.ഡി.എച്ച്.ഡി (അറ്റെന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ ആക്ടിവിറ്റി ഡിസോർഡർ) എന്ന അസുഖമുണ്ടെന്ന് നടൻ ഫഹദ് ഫാസിൽ. 41ാം വയസ്സിലാണ് രോഗം കണ്ടെത്തിയതെന്നും അദ്ദേഹം പറഞ്ഞു. കുട്ടികളിൽ എ.ഡി.എച്ച്.ഡി ചികിത്സിച്ച് മാറ്റാമെന്നാണ് ഡോക്ടർ പറഞ്ഞത്. എനിക്ക് 41-ാം വയസ്സില്‍ കണ്ടെത്തിയതിനാല്‍ ഇനി അത് മാറാനുള്ള സാധ്യതയില്ലെന്നും ഫഹദ് ഫാസിൽ പറഞ്ഞു. കോതമംഗലം പീസ് വാലി ചിൽഡ്രൻസ് വില്ലേജ് നാടിന് സമർപ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു ഫഹദ് ഫാസിൽ.
പീസ് വാലിക്ക് ആവശ്യമായ എന്തും ചെയ്ത് തരാൻ ഞാൻ തയാറാണ്. എന്നെ കാണുമ്പോൾ നിങ്ങൾക്ക് ചിരിക്കാൻ കഴിയുകയാണെങ്കിൽ അതാണ് നിങ്ങളോട് ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ കാര്യം -ഫഹദ് ഫാസിൽ കൂട്ടിച്ചേർത്തു.
നാഡീവികാസവുമായി ബന്ധപ്പെട്ട് കുട്ടികളിലുണ്ടാകുന്ന അവസ്ഥയാണ് ആണ് അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർ. ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതിരിക്കുക, അമിതമായ ശാരീരിക പ്രവർത്തനങ്ങൾ, ഒരാളുടെ പ്രായത്തിന് അനുയോജ്യമായ വിധത്തിൽ പെരുമാറ്റം നിയന്ത്രിക്കാൻ കഴിയാതിരിക്കുക തുടങ്ങിയവയാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ. ലക്ഷണങ്ങൾ കണ്ട് അധികം വൈകാതെ തന്നെ ചികിത്സ ആരംഭിച്ചാൽ അസുഖം ബാധിച്ച കുട്ടികളുടെ പെരുമാറ്റത്തിലും പഠനത്തിലും നല്ല പുരോഗതി ഉണ്ടാക്കാൻ സാധിക്കും.