ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ അറിയപ്പെടുന്ന നടനും രാഷ്ട്രീയക്കാരനും ചലച്ചിത്ര നിർമ്മാതാവുമാണ് പവൻ കല്യാൺ. തെലുഗു ചലച്ചിത്ര വ്യവസായത്തിലെ സൂപ്പർ സ്റ്റാറായാണ് താരം അറിയപ്പെടുന്നത്. പവൻ കല്യാൺ അടുത്തിടെ ഏലൂരിൽ പാർട്ടി നേതാക്കളെയും വനിതാ പ്രവർത്തകരെയും അഭിസംബോധന ചെയ്തിരുന്നു. അവിടെ അദ്ദേഹം നടത്തിയ പ്രസംഗം ഇപ്പോൾ വൈറലായിരിക്കുകയാണ്.
‘രാജ്യത്തെ വലിയ നടന്മാരിൽ ഒരാളാണ് ഞാൻ. മറ്റ് മുൻനിര നായകന്മാരോട് മത്സരിക്കാത്ത ഒരു സാധാരണ നായകൻ എന്ന നിലയിൽ, ഞാൻ ഒരു വർഷത്തിൽ ഏകദേശം 200 ദിവസം ജോലി ചെയ്യുകയും ഏകദേശം 400 കോടി സമ്പാദിക്കുകയും ചെയ്യുന്നു. പക്ഷേ, ശ്രമിച്ചാൻ എനിക്ക് 1000-1500 കോടി രൂപ എളുപ്പത്തിൽ സമ്പാദിക്കാം. അതാണ് എന്റെ ശേഷി. എന്നാൽ ആന്ധ്രാപ്രദേശിലെ ജനങ്ങളുടെ ക്ഷേമത്തിലാണ് എനിക്ക് കൂടുതൽ താൽപ്പര്യം’-പവൻ കല്യാൺ പറയുന്നു.
തെലുഗു ചലച്ചിത്രമേഖലയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള നടന്മാരിൽ ഒരാളാണ് പവൻ കല്യാൺ. ജ്യേഷ്ഠൻ മെഗാസ്റ്റാർ ചിരഞ്ജീവി ആരംഭിച്ച പ്രജാരാജ്യം പാർട്ടിയുടെ യുവജന വിഭാഗത്തിന്റെ അധ്യക്ഷനായാണ് 2008ൽ അദ്ദേഹം രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. പിന്നീട് 2014ൽ ജനസേന പാർട്ടി എന്ന പേരിൽ സ്വന്തം പാർട്ടി രൂപീകരിച്ചു.
അടുത്തിടെ പവന്‍ കല്യാണ്‍ ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് തുറന്നിരുന്നു. ഇതുവരെ ഒരു പോസ്റ്റും പങ്കുവച്ചില്ലെങ്കിലും അഞ്ച് ലക്ഷത്തിലധികം പേരാണ് പവര്‍ സ്റ്റാർ എന്നറിയപ്പെടുന്ന നടനെ ഇന്‍സ്റ്റഗ്രാമില്‍ പിന്തുടരുന്നത്. താരത്തിന്‍റെ ഇന്‍സ്റ്റഗ്രാം പ്രവേശനം ട്വിറ്ററില്‍ PawanKalyanOnInstagram എന്ന ഹാഷ്‌ടാഗോടെ ആരാധകര്‍ ആഘോഷമാക്കിയിരുന്നു.
ആന്ധ്രാപ്രദേശ് രാഷ്ട്രീയത്തില്‍ സജീവമായി പ്രവര്‍ത്തിക്കുന്നതോടൊപ്പം സിനിമയിലും തിരക്കിലാണ് പവന്‍ കല്യാണ്‍. ഈ വര്‍ഷം മൂന്നു സിനിമകളിലാണ് കല്യാണ്‍ കരാറിലേര്‍പ്പെട്ടിരിക്കുന്നത്. സമുദ്രക്കനിയുടെ ബ്രോ എന്ന ഫാന്‍റസി കോമഡി സിനിമ ഇതിനകം തന്നെ പോസ്റ്റ്-പ്രൊഡക്ഷൻ ഘട്ടത്തിലാണ്. തമിഴ് ചിത്രമായ വിനോദായ സീതത്തിന്റെ റീമേക്ക് ആയ ബ്രോ 2023 ജൂലൈ 28 ന് തിയേറ്ററുകളിൽ എത്തും.കൃഷ് ജഗർലമുടിയുടെ ഹരി ഹര വീര മല്ലുവാണ് കല്യാണ്‍ പ്രധാന വേഷത്തിൽ എത്തുന്ന അടുത്ത ചിത്രം. ആക്ഷൻ-സാഹസിക ഗണത്തില്‍ പെടുന്ന ഈ ചിത്രത്തിൽ നിധി അഗർവാൾ, ബോബി ഡിയോൾ, നർഗീസ് ഫക്രി എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നുണ്ട്.












