വാഷിങ്ടൺ: എന്തിലും ഏതിലും പ്രതികരണവും ചിത്രങ്ങളുമായി സമൂഹ മാധ്യമങ്ങളിൽനിന്ന് കോടികൾ വാരുമ്പോഴും വിഷയം ഗസ്സയാകുമ്പോൾ മൗനം ദീക്ഷിക്കുന്ന സെലിബ്രിറ്റികളെ ലക്ഷ്യമിട്ട് ‘േബ്ലാക്കൗട്ട് 2024’കാമ്പയിൻ സജീവമാകുന്നു. എക്സ്, ടിക് ടോക്, ഇൻസ്റ്റഗ്രാം തുടങ്ങിയ സമൂഹ മാധ്യമങ്ങളിൽ കൂട്ടമായി സെലിബ്രിറ്റികളെ ബഹിഷ്‍കരിക്കുന്ന കാമ്പയിനുമായാണ് ഒരു വിഭാഗം രംഗത്തെത്തിയത്.
മേയ് ആറിന് യു.എസ് നഗരമായ ന്യൂയോർക്കിൽ ‘മെറ്റ് ഗാല’പരിപാടിയിൽ കോടികളൊഴുക്കിയവർ ഗസ്സയിലെ ഫലസ്തീനികൾ അനുഭവിക്കുന്ന മഹാദുരിതം കണ്ടില്ലെന്നു നടിക്കുന്നതിനെതിരെ സമൂഹ മാധ്യമങ്ങളിൽ ഉയർന്ന പ്രതിഷേധമാണ് ബഹിഷ്‍കരണ സമരമായി വളർന്നത്. ഏറ്റവും മുന്തിയ വേഷത്തിൽ സെലിബ്രിറ്റികൾ നിരന്നൊഴുകിയ ‘മെറ്റ് ഗാല’പരിപാടി നടക്കുമ്പോൾ ഗസ്സയിലെ റഫയിൽ ഫലസ്തീനികളുടെ കൂട്ട പലായനം നടക്കുന്നുണ്ടായിരുന്നു.
450 പ്രമുഖർ അണിനിരക്കുന്ന പരിപാടിയിൽ ഒരാൾപോലും ഗസ്സയെ കുറിച്ച് മിണ്ടിയില്ലെന്ന കാമ്പയിനുമായി എത്തിയവർ പറയുന്നു. കിം കർഡാഷ്യൻ, സെൻഡായ, നോഹ് ഷ്നാപ്, ടെയ്‍ലർ സ്വിഫ്റ്റ്, ഹാരി സ്റ്റൈൽസ്, ഗാൽ ഗാഡോട്ട് തുടങ്ങി നിരവധി പേരെ േബ്ലാക്ക് ചെയ്യുന്നത് പുരോഗമിക്കുകയാണ്.
‘ഇസ്രായേലിനെതിരെ നടപടിവേണം’
വാഷിങ്ടൺ: ഇസ്രായേലിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് അന്താരാഷ്ട്ര ക്രിമിനൽ കോടതി പ്രോസിക്യൂട്ടർ കരീം ഖാൻ. യു.എൻ സെക്യൂരിറ്റി കൗൺസിലിലാണ് അദ്ദേഹം ആവശ്യം ഉന്നയിച്ചത്. അതേസമയം, ഇസ്രായേൽ അധിനിവേശത്തത്തിൽ ഐ.സി.സി കർശനമായ നടപടിപകൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വിവിധ രാജ്യങ്ങൾ രംഗത്തെത്തി. ഇസ്രായേൽ വംശഹത്യയും യുദ്ധകുറ്റവും മാനവരാശിക്ക് നേരെയുള്ള കുറ്റകൃത്യങ്ങളും ചെയ്തുവെന്ന് ലിബിയയിലെ യു.എൻ അംബാസിഡർ തഹീർ എൽസോനി പറഞ്ഞു.