ദില്ലി : സില്‍വര്‍ലൈന്‍ പദ്ധതിയുടെ സാമൂഹിക ആഘാത പഠനത്തിന് അനുമതി നല്‍കിയിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍. പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമാണ് അനുമതി നൽകിയത്. ഡിപിആര്‍ തയാറാക്കുന്നതടക്കമുള്ള കാര്യങ്ങള്‍ക്കാണ് തത്വത്തില്‍ അനുമതി നല്‍കിയിരിക്കുന്നതെന്നും കേന്ദ്ര സർക്കാർ കോടതിയിൽ അറിയിച്ചു. കെ റെയില്‍ കൈമാറിയ ഡിപിആര്‍ അപൂര്‍ണമാണെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. പദ്ധതിയുടെ സാങ്കേതിക വിശദാംശങ്ങള്‍ ഡിപിആറില്‍ ഉണ്ടായിരുന്നില്ല. ഇവ കൈമാറാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്ര സർക്കാർ പറഞ്ഞു.
സമൂഹികാഘാത പഠനത്തിനത്തിന്റെ ഭാഗമായുള്ള സര്‍വേയുടെ പേരില്‍ കുറ്റികള്‍ സ്ഥാപിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് കേന്ദ്രം വ്യക്തമാക്കി. കേന്ദ്ര ധനമന്ത്രാലയം സില്‍വര്‍ലൈന്‍ പദ്ധതിക്ക് സാമ്പത്തിക അനുമതി നല്‍കിയിട്ടില്ലെന്നും റയില്‍വേ മന്ത്രാലയം കോടതിയെ അറിയിച്ചു. സാങ്കേതിക സാമ്പത്തിക സാധ്യതയുടെ അടിസ്ഥാനത്തില്‍ മാത്രമേ അന്തിമ അനുമതി നല്‍കൂവെന്നും കേന്ദ്രം വ്യക്തമാക്കി.