ന്യൂഡല്‍ഹി : പ്രതിഷേധത്തെക്കുറിച്ച് ഇന്റലിജന്‍സ് വകുപ്പിന്റെ മുന്നറിയിപ്പ് ഉണ്ടായിരുന്നിട്ടും, പഞ്ചാബ് പൊലീസ് കൂടുതല്‍ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യാത്രയ്ക്കായി പ്രത്യേക പാത സജ്ജീകരിച്ചില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം. അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനവേളയില്‍ സുരക്ഷാ വീഴ്ച ഉണ്ടായോ എന്നന്വേഷിക്കാന്‍ പഞ്ചാബ് സര്‍ക്കാര്‍ ഉന്നതതല സമിതിയെ നിയോഗിച്ചു. റിട്ട. ജസ്റ്റിസ് മെഹ്താബ് സിങ് ഗില്‍, ആഭ്യന്തര വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അനുരാഗ് വര്‍മ എന്നിവരടങ്ങിയ കമ്മിറ്റിയാണ് അന്വേഷിക്കുക. 3 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം. സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിന്റെ (എസ്പിജി) ബ്ലൂ ബുക്കിലെ നടപടികള്‍ പഞ്ചാബില്‍ പാലിക്കപ്പെട്ടിട്ടില്ലെന്നാണു കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ആരോപണം. ‘ബ്ലൂ ബുക്കില്‍’ വിഐപികളുടെ സുരക്ഷയ്ക്കുള്ള നടപടികളെക്കുറിച്ചു പരാമര്‍ശമുണ്ട്.
‘ബ്ലൂ ബുക്ക് ചട്ടങ്ങള്‍ പ്രകാരം, പ്രതികൂല സാഹചര്യങ്ങള്‍ ഉണ്ടായാല്‍ സംസ്ഥാന പൊലീസ് വിഭാഗം പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കായി അടിയന്തര പാത സജ്ജീകരിക്കണം. എന്നാല്‍ പഞ്ചാബില്‍ ഇതുണ്ടായില്ല’- കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. പഞ്ചാബില്‍ പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധം ഉണ്ടാകാന്‍ സാധ്യതയുള്ളതായി ഇന്റലിജന്‍സ് വിഭാഗം പൊലീസിനെ അറിയിച്ചിരുന്നു. പ്രധാനമന്ത്രിയുടെ പരിപൂര്‍ണ സുരക്ഷ പഞ്ചാബ് പൊലീസിലെ ഉദ്യോഗസ്ഥര്‍ ഉറപ്പു നല്‍കിയിരുന്നെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിക്കു സുരക്ഷാ കവചം ഒരുക്കുക എന്നതാണ് എസ്പിജിയുടെ ദൗത്യം. മറ്റു സുരക്ഷാ നടപടികള്‍ സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. അടിയന്തര സാഹചര്യങ്ങളില്‍, സംസ്ഥാന പൊലീസ് വിഭാഗമാണ് എസ്പിജിയെ സ്ഥിതിഗതികള്‍ ധരിപ്പിക്കേണ്ടത്.
ഇതിന്റെ അടിസ്ഥാനത്തിലാണു പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള വിഐപികളുടെ പരിപാടികളില്‍ മാറ്റം വരുത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സുരക്ഷാ നടപടികളില്‍ ഉണ്ടായ ഗുരുതര വീഴ്ചയുമായി ബന്ധപ്പെട്ട് ഇന്റലിജന്‍സ് വിഭാഗങ്ങളില്‍നിന്നു റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫിറോസ്പുരില്‍ 42,750 കോടി രൂപയില്‍ അധികം മുതല്‍മുടക്കുള്ള വിവിധ പദ്ധതികളുടെ ശിലാസ്ഥാപനം നടത്തുന്നതിനായാണു പ്രധാനമന്ത്രി ബുധനാഴ്ച പഞ്ചാബിലെത്തിയത്.