തിരുവനന്തപുരം : സില്‍വര്‍ ലൈന്‍ വേഗ റെയില്‍ പദ്ധതിക്കായി 185 ഹെക്ടര്‍ സ്ഥലം വിട്ടുനല്‍കുന്നതല്ലാതെ വിശദ പദ്ധതിരേഖയില്‍ (ഡിപിആര്‍) നിര്‍ദേശിച്ച ഓഹരിത്തുക നല്‍കാന്‍ മടിച്ച് കേന്ദ്ര റെയില്‍വേ മന്ത്രാലയം. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍തലത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്തണമെന്നു കെ റെയില്‍ സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചു. 3125 കോടി രൂപ ആകെ ഓഹരിയായി റെയില്‍വേ നല്‍കണമെന്നാണു കെ റെയിലിന്റെ ആവശ്യം. ആകെ പദ്ധതിച്ചെലവിന്റെ 24% ആണ് ഓഹരിയിലൂടെ സമാഹരിക്കുന്നത്. റെയില്‍വേയുടെ 185 ഹെക്ടര്‍ സ്ഥലത്തിനു 975 കോടി രൂപയാണു വില കണക്കാക്കിയിരിക്കുന്നത്. ശേഷിച്ച 2150 കോടി രൂപ റെയില്‍വേ പണമായി നല്‍കണം. ഇത് ഓഹരിയായി കണക്കാക്കും. ആകെ പദ്ധതിച്ചെലവിന്റെ 4.8% വരും റെയില്‍വേയുടെ ഓഹരി. കേരള സര്‍ക്കാര്‍ ഓഹരി എന്ന നിലയ്ക്കു 3252.56 കോടി (5.09%) നല്‍കും.
പൊതു ജനങ്ങളില്‍നിന്ന് 4251 കോടിയാണ് (6.65%) ഓഹരിയായി പിരിച്ചെടുക്കുക. പദ്ധതിച്ചെലവിന്റെ 52.70% വായ്പയാണ്. കേന്ദ്രം പ്രത്യേകമായി പണം അനുവദിച്ചാല്‍ നല്‍കാമെന്നാണു റെയില്‍വേ അറിയിച്ചിരിക്കുന്നത്. അതേസമയം, ഡിപിആറിനു കേന്ദ്രാനുമതി ലഭിക്കാത്തതിനാല്‍ ഈ കേന്ദ്ര ബജറ്റില്‍ ഫണ്ട് ലഭിക്കുമെന്നു പ്രതീക്ഷിക്കാനാകില്ല.