വിലയിടിവ് നിയന്ത്രിച്ച് ഭക്ഷ്യ എണ്ണ ഉൽപാദകരെ സംരക്ഷിക്കുന്നതിനുള്ള നടപടികളുമായി കേന്ദ്രസർക്കാർ. പാമോയിൽ അടക്കമുള്ള ഭക്ഷ്യ എണ്ണകളുടെ ഇറക്കുമതി ചുങ്കം വർദ്ധിപ്പിച്ച് ആഭ്യന്തര ഉൽപാദകർക്ക് മെച്ചപ്പെട്ട വില ലഭ്യമാക്കുന്നതിനാണ് ആലോചന. ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം വരും ദിവസങ്ങളിൽ ഉണ്ടായേക്കുമെന്നാണ് സൂചന. പാമോയിലിന് പുറമേ സോയ എണ്ണ, സൂര്യകാന്തി എണ്ണ എന്നിവയുടെ ഇറക്കുമതി തീരുവയും കൂട്ടും. ഇറക്കുമതി നിയന്ത്രിച്ച് കർഷകർക്ക് മെച്ചപ്പെട്ട വില ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് കേന്ദ്ര കാർഷിക മന്ത്രാലയത്തിന്റെ ശുപാർശ ധനമന്ത്രാലയത്തിന് കൈമാറിയിട്ടുണ്ട്.
ലോകത്തെ ഏറ്റവും വലിയ ഭക്ഷ്യ എണ്ണ ഉൽപാദകരായ ഇന്ത്യ രണ്ടു വർഷങ്ങൾക്കു മുമ്പാണ് ഭക്ഷ്യ എണ്ണ ഇറക്കുമതിക്കുള്ള നികുതി വലിയതോതിൽ വെട്ടി കുറച്ചത്. എണ്ണയുടെ ആഭ്യന്തര വില വർദ്ധിക്കുന്നത് തടയുന്നത് ലക്ഷ്യമിട്ടായിരുന്നു നടപടി. നാളികേരം അടക്കമുള്ള എണ്ണ കുരുക്കളുടെ വിലയിടിവ് തടഞ്ഞ് കർഷകർക്ക് മികച്ച വരുമാനം നേടിക്കൊടുക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോൾ ഭക്ഷ്യ എണ്ണയുടെ ഇറക്കുമതി നിയന്ത്രിക്കാൻ ആലോചിക്കുന്നത്.
ജൂലൈ മാസത്തിൽ ഇന്ത്യയുടെ ആകെ ഭക്ഷ്യ എണ്ണ ഇറക്കുമതി 22.2 ടൺ വർദ്ധിച്ചു 19000 ടൺ ആയിരുന്നു. ഇന്ത്യയ്ക്ക് ആവശ്യമായ ഭക്ഷ്യ എണ്ണ യുടെ 70% വും ഇറക്കുമതി ചെയ്യുകയാണ്. മഹാരാഷ്ട്രയിൽ സോയാബീന്റെ വിലയടിവിൽ കർഷകർ വലിയ പ്രതിഷേധത്തിലാണ്. സംസ്ഥാനം തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാനിരിക്കെ കർഷകരോഷം തണുപ്പിക്കുന്നത് കൂടി ഉത്തരവിലൂടെ കേന്ദ്രം ലക്ഷ്യമിടുന്നു . ഇന്ത്യ പ്രധാനമായും ഇന്തോനേഷ്യ, മലേഷ്യ, തായ്‌ലൻഡ് എന്നിവിടങ്ങളിൽ നിന്നാണ് പാമോയിൽ വാങ്ങുന്നത്, അർജൻറീന, ബ്രസീൽ, റഷ്യ, ഉക്രെയ്ൻ എന്നിവിടങ്ങളിൽ നിന്ന് സോയ ഓയിലും സൂര്യകാന്തി എണ്ണയും ഇറക്കുമതി ചെയ്യുന്നു. 2023 മാർച്ച് വരെയുള്ള സാമ്പത്തിക വർഷത്തിൽ ഭക്ഷ്യ എണ്ണ ഇറക്കുമതിക്കായി മാത്രം 20.8 ബില്യൺ ഡോളർ ആണ് ചെലവഴിച്ചത്.