ദില്ലി: സ്വകാര്യവൽക്കരിച്ച എയർഇന്ത്യ വിമാന കമ്പനിയുടെ മുൻ ഉപ കമ്പനികൾ ആയിരുന്ന അലയൻസ് അടക്കമുള്ള കമ്പനികളുടെ ഓഹരികൾ വിറ്റഴിക്കാൻ ഒരുങ്ങുകയാണ് കേന്ദ്ര സർക്കാർ. അലയൻസ് എയർ ഏവിയേഷൻ, എയർ ഇന്ത്യ എൻജിനീയറിങ് സർവീസസ്, എയർ ഇന്ത്യ എയർപോർട്ട് സർവീസസ് എന്നീ സ്ഥാപനങ്ങളുടെ ഓഹരികളാണ് വിറ്റഴിക്കുന്നത്.
കേന്ദ്ര വ്യോമയാന മന്ത്രാലയം ഇതിനുള്ള നീക്കങ്ങൾ തുടങ്ങി. എയർ ഇന്ത്യയ്ക്ക് വേണ്ടി കേന്ദ്ര സർക്കാർ ചെലവാക്കിയ പണത്തിന്റെ ഒരു ഭാഗം ഇതിലൂടെ കണ്ടെത്താൻ പറ്റും എന്നാണ് കേന്ദ്ര സർക്കാരിന്റെ വിലയിരുത്തൽ. എയർ ഇന്ത്യ ഏറ്റെടുത്ത ടാറ്റാ ഗ്രൂപ്പ് കമ്പനിയുടെ വൻ വികസനം ലക്ഷ്യമിട്ട് മുന്നോട്ടു പോകുന്ന സാഹചര്യത്തിൽ, കേന്ദ്രം പുതുതായി സ്വകാര്യ വൽക്കരിക്കുന്ന എയർഇന്ത്യ എൻജിനീയറിങ് സർവീസസ് കമ്പനിക്ക് വേണ്ടി ടാറ്റ ഗ്രൂപ്പ് തന്നെ രംഗത്ത് വരും എന്നാണ് കരുതപ്പെടുന്നത്.
അതേസമയം രാജ്യത്തെ മറ്റ് പ്രമുഖ വിമാനക്കമ്പനികളും ടാറ്റാ ഗ്രൂപ്പും ചേർന്നുള്ള ഒരു പങ്കാളിത്ത സംവിധാനം എയർഇന്ത്യ എൻജിനീയറിങ് സർവീസിനെ ഏറ്റെടുത്തേക്കും എന്നും വിവരമുണ്ട്. വടക്കേ ഇന്ത്യയിലും വടക്ക് കിഴക്കൻ ഇന്ത്യയിലും ആയി പ്രവർത്തനം കേന്ദ്രീകരിച്ചിരിക്കുന്ന വിമാന കമ്പനിയാണ് അലയൻസ് എയർ. രാജ്യത്തെ 50 വിമാനത്താവളങ്ങളിലേക്ക് ആയി 115 സർവീസുകളാണ് ഒരുദിവസം ഈ കമ്പനി നടത്തുന്നത്. 800 ജീവനക്കാരെ കമ്പനിയുടെ ഭാഗമാണ്. ശ്രീലങ്കയിലെ ജാഫ്ന വിമാനത്താവളത്തിലേക്ക് സർവീസ് ആരംഭിച്ച ഇന്റർനാഷണൽ കാരിയർ ആയി മാറാൻ അലയൻസ് എയറിന് പദ്ധതികളുണ്ട്. ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധിയെ തുടർന്നുള്ള രാഷ്ട്രീയ അസ്ഥിരതയും സംഘർഷ സാഹചര്യങ്ങളും കുറയാൻ കാത്തിരിക്കുകയാണ് വിമാനകമ്പനി എന്നാണ് വിവരം.