രാജ്യത്ത് ഉള്ളിവില കുത്തനെ ഉയരുകയാണ്. തക്കാളിക്ക് ശേഷം ഉള്ളിയാണ് ഉത്സവ സീസണിൽ പോക്കറ്റ് കീറാൻ കാരണമാകുന്നത്. ചില്ലറ വിപണിയിൽ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഉള്ളിയുടെ വില ഐഒരട്ടിയായാണ് കുതിക്കുന്നത്. രാജ്യത്തിന്റെ പലയിടങ്ങളിലും കിലോയ്ക്ക് 30-35 രൂപയായിരുന്നു എന്നാൽ ഒരാഴ്ചകൊണ്ട് ഇത് 60-80 രൂപയായി ഉയർന്നു. വില വര്ഷണവ കാരണം കയറ്റുമതിക്ക് സർക്കാർ തറ വില നിശ്ചയിച്ചിട്ടുണ്ട്. വിതരണവും ഡിമാൻഡും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിർത്താൻ കേന്ദ്ര സർക്കാർ പെടാപാട് പെടുകയാണ്. തെരഞ്ഞെടുപ്പ് വരാനിരിക്കെ ഉള്ളിവില ഉയരുന്നത് കേന്ദ്രത്തെ വലയ്‌ക്കുന്നുണ്ട്. ഉത്സവ വേളകളിൽ ജനങ്ങൾക്ക് താങ്ങാനാവുന്ന വിലയിൽ ഉള്ളി ലഭ്യമാക്കുന്നതിനായി, ദേശീയ സർക്കാർ ഇപ്പോൾ നഗരങ്ങളിൽ കിലോഗ്രാമിന് 25 രൂപ വിലക്കുറവിൽ ഉള്ളി വിൽക്കാൻ തുടങ്ങിയിട്ടുണ്ട്.
ബഫർ സ്റ്റോക്കിന്റെ സഹായത്തോടെയാണ് സർക്കാർ ഉള്ളി കിലോയ്ക്ക് 25 രൂപ കിഴിവിൽ വിൽക്കുന്നത്. ഇതിനായി 170-ലധികം നഗരങ്ങളിലെ മാർക്കറ്റുകളിലും 685 കേന്ദ്രങ്ങളിലും ഉള്ളി വിൽപ്പന സ്റ്റാളുകൾ സ്ഥാപിച്ചിട്ടുണ്ട്. രണ്ട് ലക്ഷം ടൺ ഉള്ളി ഇതിനായി പ്രതേകം എത്തിച്ചിട്ടുണ്ട്.
ദില്ലി- എൻസിആർ, ജയ്പൂർ,ലുധിയാന, വാരണാസി, ശ്രീനഗർ എന്നിവിടങ്ങളിലെ 71 സ്ഥലങ്ങളിൽ ഇപ്പോൾ മൊബൈൽ വാനുകൾ വഴി നാഷണൽ കോഓപ്പറേറ്റീവ് കൺസ്യൂമർ ഫെഡറേഷൻ (എൻസിസിഎഫ്) ഉള്ളി വിലക്കിഴിവിൽ വിൽക്കുന്നു. ഭോപ്പാൽ, ഇൻഡോർ, ഭുവനേശ്വർ, ഹൈദരാബാദ്, ബാംഗ്ലൂർ എന്നിവിടങ്ങളിൽ ഉള്ളിയുടെ ചില്ലറ വിൽപനയ്ക്കായി മൊബൈൽ വാനുകൾ ഏർപ്പെടുത്തിയിട്ടുണ്ട്.
അടുത്തയാഴ്ച കർണാടക, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ നിന്ന് പുതിയ ഉള്ളി എത്തുന്നതോടെ പ്രതിസന്ധിക്ക് പരിഹാരമാകുമെന്ന് സർക്കാർ സമ്മതിച്ചിട്ടുണ്ട്, എന്നാൽ ഇത് സംഭവിച്ചില്ലെങ്കിൽ, സർക്കാർ ചില കടുത്ത നടപടികൾ നടപ്പിലാക്കിയേക്കും.