ദില്ലി: മദ്യനയ കേസിൽ സിബിഐ ചോദ്യം ചെയ്യാനിരിക്കെ കേന്ദ്ര ഏജന്‍സികളെ വിമര്‍ശിച്ച് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. അടിമുടി അഴിമതിയിൽ മുങ്ങി നില്‍ക്കുന്ന നരേന്ദ്ര മോദി തന്നെ ജയിലിൽ അടയ്ക്കാനുള്ള ഗൂഢാലോചന നടത്തുന്നുവെന്ന് അരവിന്ദ് കെജ്രിവാൾ അഞ്ഞടിച്ചത്. മദ്യനയക്കേസിൽ താൻ അഴിമതിക്കാരനെങ്കിൽ ഈ രാജ്യത്ത് സത്യസന്ധർ ആരുമില്ലെന്ന് കെജ്രരിവാൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മദ്യ നയക്കേസിൽ നാളെ പതിനാന്ന് മണിക്കാണ് അരവിന്ദ് കെജ്രിവാൾ സിബിഐക്ക് മുമ്പാകെ ഹാജരാകുന്നത്. നരേന്ദ്ര മോദിയുടെ അഴിമതിയും ഭരണപരാജയവും മൂടിവയ്ക്കാനാണ് തന്നെ കുടുക്കുന്നതെന്ന ആരോപണവുമായാണ് കെജരിവാൾ തിരിച്ചടിക്കുന്നത്. കേസിലെ സാക്ഷികളെയും പ്രതികളെയും മർദ്ദിച്ചും പീഡിപ്പിച്ചും തനിക്കെതിരെ മൊഴി കിട്ടാൻ നോക്കുകയാണ്. കൈക്കൂലി വാങ്ങിയതിന്‍റെ ഒരു തെളിവു പോലും കിട്ടിയിട്ടില്ല. അറസ്റ്റ് ചെയ്യാനുളള ബിജെപി നിർദ്ദേശം കേന്ദ്ര ഏജൻസികൾ നടപ്പാക്കും. ജയിലിൽ പോകാൻ മടിയില്ലെന്നും എന്തും നേരിടാൻ തയ്യാറെന്നും കെജ്രിവാൾ രാവിലെ തന്നെ കണ്ട നേതാക്കളെ അറിയിച്ചു. അഴിമതിയുടെ സൂത്രധാരനായ കെജ്രിവാൾ ചോദ്യം ചെയ്യുന്നതിന് വിളിപ്പിച്ചപ്പോൾ ഭയക്കുകയാണെന്ന് ബിജെപി പ്രതികരിച്ചു. നാളെ ദില്ലിയിൽ പ്രതിഷേധിക്കാനാണ് ആംആദ്മി പാർട്ടി തീരുമാനം. കെജ്രിവാളിനെതിരായ നടപടിയെ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗെൽ അപലപിച്ചു. ഇത് ജനാധിപത്യത്തിൻറെ മരണമാണെന്ന് കപിൽ സിബൽ പറഞ്ഞു. നാളെ അറസ്റ്റുണ്ടാവില്ലെന്നാണ് സൂചനയെങ്കിലും കെജ്രിവാളിനെ ചോദ്യം ചെയ്യുന്നത് നാടകീയ നീക്കങ്ങളുടെ തുടക്കമാകാനാണ് സാധ്യത.