ദില്ലി: കേന്ദ്ര ബജറ്റിന് മുന്നോടിയായി ദില്ലിയിൽ ഇന്ന് ചേർന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തിൽ നികുതി വർധനയുമായി ബന്ധപ്പെട്ട് നിർണായക തീരുമാനം. തുണിത്തരങ്ങൾക്കും ചെരിപ്പിനും ജിഎസ്ടി നിരക്ക് വർധിപ്പിക്കാനുള്ള തീരുമാനത്തിൽ നിന്ന് ഭാഗികമായാണ് കൗൺസിൽ പിന്നോട്ട് പോയത്. അതോടെ ചെരിപ്പിന് 2022 ജനുവരി ഒന്ന് മുതൽ പുതിയ നിരക്കീടാക്കാനും തുണിത്തരങ്ങൾക്ക് നികുതി ഇപ്പോൾ വർധിപ്പിക്കേണ്ടെന്നുമാണ് തീരുമാനം. 46-ാമത് ജിഎസ്ടി കൗണ്‍സില്‍ യോഗത്തിൽ കേരളം അടക്കം നിരവധി സംസ്ഥാനങ്ങൾ നികുതി വർധനയ്ക്കെതിരെ നിലപാടെടുത്തിരുന്നു. ജി എസ് ടി കൗൺസിൽ ഏകകണ്ഠമായാണ് തുണിത്തരങ്ങൾക്ക് നികുതി വർധിപ്പിക്കാനുള്ള തീരുമാനം മാറ്റിയത്. ഇതോടെയാണ് ചെരുപ്പുകൾക്ക് വർദ്ധിപ്പിച്ച നികുതി നാളെ മുതൽ പ്രാബല്യത്തിൽ വരുത്തേണ്ടെന്ന തീരുമാനമായത്. അടിയന്തരമായി വിളിച്ച് ചേർത്ത ജിഎസ്ടി കൗൺസിൽ യോഗം കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമന്റെ അധ്യക്ഷതയിൽ വിഗ്യാൻ ഭവനിലാണ് ചേർന്നത്.
എന്നാൽ എല്ലാ ചെരുപ്പുകൾക്കുമല്ല ഈ നികുതി മാറ്റം. 1000 രൂപയ്ക്ക് താഴെ വില വരുന്ന ചെരുപ്പുകൾക്കാണ് നികുതി നിരക്ക് 5 ശതമാനത്തിൽ നിന്ന് 12 ശതമാനമായി ഉയർത്തിയത്. ആയിരം രൂപയ്ക്ക് താഴെയുള്ളവയ്ക്ക് ഇപ്പോഴത്തെ അഞ്ച് ശതമാനം നികുതി ഇന്ന് കൂടെ മാത്രമേ പ്രാബല്യത്തിലുള്ളൂ. ഇത്തരത്തിൽ പുതുക്കിയ നികുതി നിരക്ക് നിലവിൽ വരുന്നതോടെ ആയിരം രൂപയ്ക്കോ അതിന് താഴേക്കോ വില വരുന്ന ചെരിപ്പ് ഉപഭോക്താവ് വാങ്ങുമ്പോൾ ഏറ്റവും കൂടിയത് 120 രൂപ കേന്ദ്രസർക്കാരിന്റെ ഖജനാവിലേക്ക് പോകും. നികുതി 12 ശതമാനമായി വർദ്ധിപ്പിച്ച തീരുമാനത്തിനെതിരെ വ്യാപക പരാതി ഉയർന്നിരുന്നു. വർദ്ധിപ്പിച്ച നികുതി ചുമത്തുന്നത് നീട്ടി വയ്ക്കണമെന്ന് വ്യാപാര സംഘടനകളും ആവശ്യപ്പെട്ടിരുന്നു. കേരളത്തിൽ ഈ വിഷയത്തിൽ സംസ്ഥാനത്തെ എല്ലാ ജിഎസ്ടി ഓഫിസുകളിലേക്കും മാര്‍ച്ചും ധര്‍ണയും നടന്നിരുന്നു. നേരത്തെ ആയിരത്തിന് മീതെയുള്ള തുണിത്തരങ്ങള്‍ക്കായിരുന്നു അഞ്ച് ശതമാനം ജിഎസ്ടി ചുമത്തിയിരുന്നത്. ലുങ്കി, തോര്‍ത്ത്, സാരി, മുണ്ടുകള്‍ തുടങ്ങി എല്ലാ തുണിത്തരങ്ങള്‍ക്കു വില കൂടുമെന്നതിനാൽ പുതിയ നിരക്ക് ഈ മേഖലയുടെ നട്ടെല്ലൊടിക്കുമെന്നാണ് വ്യാപാരികളുടെ വാദം. ഇത് കൂടി പരിഗണിച്ചാണ് തുണികൾക്ക് നികുതി വർധിപ്പിക്കേണ്ടെന്ന തീരുമാനം വന്നത്.