എത്രയും പെട്ടെന്ന് 5ജിയിലേക്ക് മാറാൻ മൊബൈൽ നിർമ്മാതാക്കളോട് ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ. ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പിലെയും ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയത്തിലെയും ഉന്നത ഉദ്യോഗസ്ഥർ ബുധനാഴ്ച ഫോൺ കമ്പനികളെ കണ്ട് പൂർണ്ണമായും 5ജി ലേക്ക് മാറാൻ ആവശ്യപ്പെട്ടു. 5ജി സേവനങ്ങളിലേക്ക് മാറാൻ മൂന്ന് മാസമേ ഉള്ളൂവെന്നും മന്ത്രാലയ ഉദ്യോഗസ്ഥർ മൊബൈൽ നിർമ്മാതാക്കളോട് വിശദമാക്കിയിട്ടുണ്ട്.
ഇന്ത്യയിൽ ഏകദേശം 750 ദശലക്ഷം മൊബൈൽ ഫോൺ വരിക്കാരുണ്ടെന്നാണ് എഎൻഐയുടെ റിപ്പോർട്ട്. അതിൽ 350 ദശലക്ഷത്തിലധികം ഉപയോക്താക്കൾ 3ജി അല്ലെങ്കിൽ 4ജി സപ്പോർട്ടുള്ള ഫോണുകൾ ഉപയോഗിക്കുന്നവരാണ്. ഇന്ത്യയിൽ 100 ദശലക്ഷം വരിക്കാർക്ക് 5ജി ഫോണുകളുണ്ട്. 10,000 രൂപയിൽ കൂടുതൽ വിലയുള്ള 3ജി – 4ജി ഫോണുകളുടെ പ്രൊഡക്ഷൻ ക്രമേണ നിർത്തി 5ജി സാങ്കേതികവിദ്യയിലേക്ക് പൂർണ്ണമായും മാറണമെന്ന് സ്മാർട്ട്ഫോൺ കമ്പനികളോട് മന്ത്രാലയം പറഞ്ഞതായും റിപ്പോർട്ടുകള്‍ വരുന്നുണ്ട്.
നിലവില്‍ എയർടെല്ലും ജിയോയും തെരഞ്ഞെടുത്ത നഗരങ്ങളിൽ ഇപ്പോൾ 5ജി സേവനങ്ങൾ നൽകുന്നുണ്ട്. ജിയോ 5ജി 4 നഗരങ്ങളിൽ ലഭ്യമാണെങ്കിൽ, എയർടെൽ അതിന്റെ 5 ജി പ്ലസ് സേവനം മൊത്തം 8 നഗരങ്ങളിൽ ലഭ്യമാക്കുന്നുണ്ട്. മറ്റ് നഗരങ്ങളിലും ഉടൻ 5ജി ആക്‌സസ് ലഭിക്കുമെന്ന് രണ്ട് ടെലികോം ഓപ്പറേറ്റർമാരും അറിയിച്ചു. 100 ദശലക്ഷത്തിലധികം 5ജി റെഡി ഫോൺ ഉപയോക്താക്കൾ ഉണ്ടായിരുന്നിട്ടും ആപ്പിൾ ഉൾപ്പെടെയുള്ള പല ഫോണുകളും 5ജി നെറ്റ്‌വർക്കിനെ സപ്പോർട്ട് ചെയ്യുന്നില്ലെന്ന ആരോപണം ഉയരുന്നുണ്ട്.
കഴിഞ്ഞ ദിവസം എയർടെൽ പുറത്തുവിട്ട ലിസ്റ്റ് അനുസരിച്ച്, ഷവോമി, വിവോ, ഒപ്പോ എന്നിവ 5ജിയെ സപ്പോർട്ട് ചെയ്യാൻ റെഡിയാണ്. സാംസങ് ഗാലക്‌സി എസ് 22 സീരീസ്, ഗാലക്‌സി എ 33, ഗാലക്‌സി എം33, ഗാലക്‌സി ഇസഡ് ഫ്ലിപ്പ് 4, ഗാലക്‌സി ഇസഡ് ഫോൾഡ് 4 തുടങ്ങിയ പുതിയ സാംസങ് ഫോണുകളിൽ 5 ജി തയ്യാറാണെങ്കിലും അവരുടെ തന്നെ പല ഫോണുകളിലും അപ്‌ഡേറ്റുകൾ വന്നിട്ടില്ല. ആപ്പിൾ, നത്തിങ് (1), ഗൂഗിൾ, മോട്ടറോള, വൺപ്ലസ്, സാസംങ്ങ് എന്നി ബ്രാൻഡുകളുടെ 5ജി സപ്പോർട്ടുള്ള വേർഷനുകൾ എത്തി തുടങ്ങി. കൂടാതെ ഷവോമി, റെഡ്മീ, പൊക്കൊ, റിയൽമീ,ഒപ്പോ, വിവോ, ഇൻഫിനിക്സ്, iQOO തുടങ്ങിയ ബ്രാൻഡുകളിലെല്ലാം 5ജി റെഡി സോഫ്‌റ്റ്‌വെയർ ഇതിനകം ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്.