ദില്ലി: ടാറ്റ ഗ്രൂപ്പിന് കീഴിലെ ടാലസ് പ്രൈവറ്റ് ലിമിറ്റഡിന് കൈമാറാന്‍ പോകുന്ന എയര്‍ ഇന്ത്യയ്ക്ക് പുതിയ തലവന്‍. വിക്രം ദേവ് ദത്തിനെയാണ് എയര്‍ ഇന്ത്യയുടെ ചെയര്‍മാന്‍ ആന്റ് മാനേജിങ് ഡയറക്ടര്‍ തസ്തികയില്‍ കേന്ദ്രസര്‍ക്കാര്‍ നിയമിച്ചത്. ഡിസംബറോടെ ടാലസിന് കൈമാറാനിരുന്ന വിമാനക്കമ്പനിയുടെ കൈമാറ്റം വൈകുമ്പോഴാണ് കേന്ദ്രസര്‍ക്കാരിന്റെ നടപടി.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ എട്ടിനാണ് ടാലസ് കമ്പനിയുടെ ബിഡ് അംഗീകരിച്ച് എയര്‍ ഇന്ത്യയെ കൈമാറാനുള്ള തീരുമാനം കേന്ദ്രസര്‍ക്കാര്‍ കൈക്കൊണ്ടത്. 18000 കോടി രൂപയ്ക്കാണ് ടാലസ് എയര്‍ ഇന്ത്യയെ സ്വന്തമാക്കിയത്. പുതിയ ചെയര്‍മാന്‍ ആന്റ് മാനേജിങ് ഡയറക്ടര്‍ ഇന്ന് മുതല്‍ ചുമതലയേറ്റതായി സിവില്‍ ഏവിയേഷന്‍ വകുപ്പ് സെക്രട്ടറി രാജീവ് ബന്‍സല്‍ അറിയിച്ചു. ഇദ്ദേഹമായിരുന്നു എയര്‍ ഇന്ത്യയുടെ ഇതുവരെയുള്ള തലവന്‍.
വിക്രം ദേവ് ദത്ത് 1993 ലെ ഐഎഎസ് ബാച്ച് ഉദ്യോഗസ്ഥനാണ്. കേന്ദ്ര ഭരണ പ്രദേശങ്ങളായ അരുണാചല്‍ പ്രദേശ്, ഗോവ, മിസോറം എന്നിവിടങ്ങളുടെ സംയുക്ത കേഡറില്‍ അംഗമായിരുന്നു ഇദ്ദേഹം. അഡീഷണല്‍ സെക്രട്ടറിയുടെ തസ്തികയിലുള്ള ശമ്പളമാണ് വിക്രം ദേവ് ദത്തിന് എയര്‍ ഇന്ത്യയുടെ ചെയര്‍മാന്‍ ആന്റ് മാനേജിങ് ഡയറക്ടര്‍ സ്ഥാനത്ത് ലഭിക്കുക.