ദില്ലി: കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അപമാനിച്ചെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ഓഫീസര്‍മാരുടെ സ്ഥലംമാറ്റത്തിലും നിയമനത്തിലും ഡല്‍ഹി സര്‍ക്കാരിന്റെ അധികാരം ദുര്‍ബലപ്പെടുത്തുന്ന കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ഓര്‍ഡിനന്‍സിനെതിരെയുള്ള വിമര്‍ശനം രൂക്ഷമായതോടെ ഡല്‍ഹി സര്‍ക്കാര്‍ ഓര്‍ഡിനന്‍സിനെ സുപ്രീം കോടതിയില്‍ചോദ്യം ചെയ്യുമെന്ന് അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു.
ഓര്‍ഡിനന്‍സ് സുപ്രീം കോടതി ഉത്തരവിനെ അപമാനിക്കുന്നതും, സുപ്രീം കോടതിയോടുള്ള അവഹേളനവുമാണെന്ന് ആം ആദ്മി പാര്‍ട്ടി തലവന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റവും നിയമനവും ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ തന്റെ സര്‍ക്കാരിന്റെ എക്സിക്യൂട്ടീവ് അധികാരം ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറച്ചതിന് മണിക്കൂറുകള്‍ക്ക് ശേഷം ”ഇത് ജനാധിപത്യത്തെക്കുറിച്ചുള്ള കേന്ദ്രത്തിന്റെ വൃത്തികെട്ട തമാശയാണ്” എന്ന് അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു.