ദില്ലി : പ്രതിമാസം ചെറിയ തുകകൾ നിക്ഷേപിച്ച് ജോലിയിൽ നിന്ന് വിരമിച്ച ശേഷം വരുമാനം നൽകുന്ന പദ്ധതിയാണ് നാഷ്ണൽ പെൻഷൻ സ്കീം അഥവാ എൻപിഎസ്. 2004 ൽ കേന്ദ്ര സർക്കാർ ജീവനക്കാർക്ക് മാത്രമായി അവതരിപ്പിച്ച പദ്ധതി 2009 ൽ എല്ലാ ഇന്ത്യൻ പൗരന്മാർക്കും ലഭ്യമാക്കുകയായിരുന്നു. 18 വയസിനും 60 വയസിനും ഇടയിൽ പ്രായമുള്ള ഇന്ത്യൻ പൗരന്മാർക്ക് പദ്ധതിയിൽ പങ്കാളികളാകാം. രണ്ട് തരം എൻപിഎസ് പദ്ധതികളാണ് ഉള്ളത്- ടയർ 1 ഉം ടയർ 2ഉം.
ടയർ 1 – റിട്ടയർമന്റ് സേവിംഗ്സ് പ്രധാനമായും ലക്ഷ്യം വെയ്ക്കുന്നതാണ് ടയർ 1. ഉപഭോക്താവ് പ്രതിമാസം കുറഞ്ഞത് 500 രൂപ നിക്ഷേപമായി നൽകണം. ഈ നിക്ഷേപ പദ്ധതിക്ക് ഇൻകം ടാക്സ് സെക്ഷൻ 80 സിസിഡി(1ബി) പ്രകാരമുള്ള നികുതിയിളവും ലഭിക്കും. ടയർ 1 പദ്ധതി പ്രകാരം നിക്ഷേപം നടത്തുന്നവെർക്ക് റിട്ടയർമെന്റിന് മുൻപേ തന്നെ 40 ശതമാനം തുക പല മാസങ്ങളിലായി തിരികെ ലഭിക്കും. ബാക്കി 60 ശതമാനം റിട്ടയർമെന്റ് സമയത്ത് മാത്രമേ ലഭിക്കുകയുള്ളു. ടയർ 2 – പ്രതിമാസം കുറഞ്ഞത് 1000 രൂപയാണ് നിക്ഷേപിക്കേണ്ടത്. ഈ പദ്ധതി പ്രകാരം ഉപഭോക്താവിന് എപ്പോൾ വേണമെങ്കിലും അടച്ച പണം പിൻവലിക്കാം. ഇതിൽ നികുതിയിളവുകൾ ലഭിക്കില്ല.