ദില്ലി: രാജ്യത്തെ ദേശീയ പാതകലെ ടോൾ പ്ലാസകൾ നിർത്തലാക്കാനുള്ള നീക്കവുമായി കേന്ദ്രസർക്കാർ. പകരം ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റീഡർ ക്യാമറകൾ ഉപയോഗിച്ച് ടോൾ പിരിയ്ക്കാനുള്ള പദ്ധതി നടപ്പാക്കാനാണ് ആലോചന. നമ്പർ പ്ലേറ്റുകൾ റീഡ് ചെയ്ത് വാഹന ഉടമകളുടെ ലിങ്ക് ചെയ്‌ത ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് ടോൾ എടുക്കുകയും ചെയ്യും. പരീക്ഷണാടിസ്ഥാനത്തിൽ പൈലറ്റ് പദ്ധതി നടക്കുകയാണെന്നും ഇതിനായി നിയമ ഭേദഗതികളക്കം ആലോചിക്കുന്നുണ്ടെന്നും ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. ടോൾ പിരിവുമായി ബന്ധപ്പെട്ട ദൂരപരിധി പ്രശ്‌നങ്ങളും റോഡുകളിലെ തിരക്കും പുതിയ സംവിധാനത്തിൽ പരിഹരിക്കപ്പെടും. ഈ സംവിധാനം നടപ്പാകുന്നതോടെ ഫാസ്ടാഗും അവസാനിക്കും. ദ ഇന്ത്യൻ എക്സ്പ്രസ് ദിനപത്രമാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
2019-ൽ, കമ്പനി ഘടിപ്പിച്ച നമ്പർ പ്ലേറ്റുകളോടെ കാറുകൾ വരുമെന്ന് നിയമം കൊണ്ടുവന്നു. കഴിഞ്ഞ നാല് വർഷമായി വാഹനങ്ങൾക്ക് വ്യത്യസ്ത നമ്പർ പ്ലേറ്റുകളാണുള്ളത്. ടോൾ പ്ലാസകൾ നീക്കം ചെയ്യുകയും ക്യാമറകൾ സ്ഥാപിക്കുകയും ചെയ്യാനുദ്ദേശിക്കുന്നു. ടോൾ പ്ലാസ ഒഴിവാക്കി പണം നൽകാത്ത വാഹന ഉടമയ്ക്ക് പിഴ ചുമത്താൻ നിയമപ്രകാരം വ്യവസ്ഥയില്ല. ആ വ്യവസ്ഥ നമുക്ക് നിയമത്തിന് കീഴിൽ കൊണ്ടുവരണം. പുതിയ രീതിയിലുള്ള നമ്പർ പ്ലേറ്റുകളില്ലാത്ത കാറുകൾക്ക് ഒരു നിശ്ചിത സമയത്തിനുള്ളിൽ അവ ഇൻസ്റ്റാൾ ചെയ്യുന്നതിനുള്ള വ്യവസ്ഥ കൊണ്ടുവന്നേക്കാം. ഇതിനായി ബിൽ കൊണ്ടുവരേണ്ടതുണ്ടെന്നും നിതിൻ ഗഡ്കരി പറഞ്ഞു. ഏകദേശം 40,000 കോടി രൂപയുടെ മൊത്തം ടോൾ പിരിവിന്റെ 97 ശതമാനവും ഫാസ്‌ടാഗ് ഉപയോഗിച്ചാണ് നടക്കുന്നത്.
ഫാസ്ടാഗുകളുടെ ഉപയോഗം ടോൾ പ്ലാസകളിലെ തിരക്ക് കുറച്ചെങ്കിലും ലഘൂകരിച്ചെങ്കിലും സാങ്കേതിക പ്രശ്നങ്ങളാൽ ചിലയിടത്ത് ഇപ്പോഴും തിരക്കുണ്ട്. കുറഞ്ഞ ബാലൻസ് ഉള്ള ഉപയോക്താക്കൾ കൂടുതൽ പ്രോസസ്സിംഗ് സമയത്തിന് കാരണമാകുന്നു. പ്ലാസകളിലെ ഇന്റർനെറ്റ് കണക്റ്റിവിറ്റി പ്രശ്നങ്ങൾ കാരണവും സമയമെടുക്കുന്നുണ്ട്.