കാസർകോട്: കേന്ദ്ര വാഴ്സിറ്റിയിൽ വിദ്യാർഥിനികളോട് ലൈംഗികാതിക്രമം നടത്തിയെന്ന് പരാതിയുയർന്ന അധ്യാപകന് വീണ്ടും സസ്പെൻഷൻ. ഇംഗ്ലീഷ് ആൻഡ് കംപാരറ്റിവ് സ്റ്റഡീസ് വകുപ്പിലെ ഡോ. ഇഫ്തികർ അഹമ്മദിനെതിരെയാണ് നടപടി.
കോടതിയുടെ ജാമ്യവ്യവസ്ഥ പരിശോധിക്കാതെ സർവകലാശാല അധികൃതർ അധ്യാപകന്റെ സസ്പെൻഷൻ പിൻവലിച്ചിരുന്നു. ആഭ്യന്തര പരാതി പരിഹാര സെൽ (ഐ.സി.സി) അന്വേഷിച്ചശേഷം അധ്യാപകനോട് നന്നായി പെരുമാറണമെന്ന് ഉപദേശിച്ചുകൊണ്ടായിരുന്നു നടപടി.
ഇതിനെതിരെ എസ്.എഫ്.ഐ, എ.ബി.വി.പി വിദ്യാർഥികൾ പ്രതിഷേധവുമായി രംഗത്തുവന്നു. തുടർന്നാണ് വീണ്ടും ഇയാളെ സസ്പെൻഡ് ചെയ്തത്.
ജാമ്യവ്യവസ്ഥ പ്രകാരം അധ്യാപകൻ ഹോസ്ദുർഗ് താലൂക്കില്‍ പ്രവേശിക്കാൻ പാടില്ല. ഇത് പരിഗണിക്കാതെ, അന്വേഷണം നേരിടുന്ന ഇഫ്തികര്‍ അഹമ്മദിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കുകയായിരുന്നു. അധ്യാപകനെ സർവകലാശാല സംരക്ഷിക്കുന്നത് നാണംകെട്ട നടപടിയാണെന്ന് എ.ബി.വി.പി യൂനിറ്റ് പ്രസിഡന്റ് കെ. അക്ഷയ്, സെക്രട്ടറി ദശരഥ് എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു.