ന്യൂഡൽഹി ∙ സുപ്രീം കോടതി ജഡ്ജി നിയമനത്തിൽ കൊളീജിയം ശുപാർശയ്ക്ക് രാഷ്ട്രപതിയുടെ അംഗീകാരം. അഞ്ച് ഹൈക്കോടതി ജഡ്ജിമാരെ സുപ്രീം കോടതി ജഡ്ജിമാരായി നിയമിക്കാൻ രാഷ്ട്രപതി അനുമതി നൽകി. രാജസ്ഥാൻ, പട്ന, മണിപ്പൂർ ഹൈക്കോടതി ചീഫ് ജസ്റ്റിസുമാർക്കും പട്ന, അലഹാബാദ് ഹൈക്കോടതി ജഡ‌്ജിമാർക്കുമാണ് നിയമനം. നിയുക്ത ജഡ്ജിമാർ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കും.
രാജസ്ഥാൻ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പങ്കജ് മിത്തൽ, പട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് സഞ്ജയ് കരോൾ, മണിപ്പൂർ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പി.വി.സഞ്ജയ് കുമാർ, പട്ന ഹൈക്കോടതി ജഡ്ജി അസാനുദ്ദീൻ അമാനുള്ള, അലഹാബാദ് ഹൈക്കോടതി ജഡ്ജി മനോജ് മിശ്ര എന്നിവരെയാണ് സുപ്രീംകോടതി ജഡ്ജിമാരായി നിയമിച്ചത്.
കഴിഞ്ഞ വർഷം ഡിസംബർ 13നാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ കൊളീജിയം, ഈ അഞ്ച് ജഡ്ജിമാരെ സുപ്രീംകോടതി ജഡ്ജിമാരായി നിയമിക്കാൻ ശുപാർശ നൽകിയത്. ഈ ശുപാർശയിൽ തീരുമാനം വൈകുന്നതിൽ സുപ്രീംകോടതി പലതവണ നീരസം പ്രകടിപ്പിക്കുകയും കേന്ദ്ര സർക്കാരിനെ വിമർശിക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ചയും കേസ് പരിഗണിക്കുമ്പോഴും, നിയമനം വൈകുന്നത് എന്തുകൊണ്ട് എന്ന് സുപ്രീം കോടതി ചോദിച്ചിരുന്നു. രണ്ടു ദിവസത്തിനുള്ളിൽ ശുപാർശയിൽ അന്തിമ തീരുമാനം കൈക്കൊള്ളുമെന്നാണ് അന്ന് കേന്ദ്രസർക്കാർ അഭിഭാഷകൻ അറിയിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഈ അഞ്ചു പേരുടെയും നിയമനത്തിന് അംഗീകാരം നൽകി രാഷ്ട്രപതി ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ചത്.
കഴിഞ്ഞയാഴ്ച നടത്തിയ അസാധാരണമായ നീക്കത്തിലൂടെ രണ്ടു പേരേക്കൂടി സുപ്രീംകോടതി ജഡ്ജിമാരായി നിയമിക്കാൻ കൊളീജിയം ശുപാർശ ചെയ്തിരുന്നു. സാധാരണ ഗതിയിൽ ഒരു തവണ അയയ്ക്കുന്ന ശുപാർശയിൽ അന്തിമ തീരുമാനമാകുന്നതുവരെ കാത്തിരിക്കുകയാണ് കൊളീജിയം ചെയ്യാറുള്ളത്. എന്നാൽ, തീരുമാനം വൈകിയ സാഹചര്യത്തിലാണ് ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അരവിന്ദ് കുമാർ, അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് രാജേഷ് ബിൻഡാൽ എന്നിവരുടെ പേരും കൊളീജിയം ശുപാർശ ചെയ്തത്.