ദില്ലി: മങ്കിപോക്സ് വാക്സീൻ വികസിപ്പിക്കാൻ കേന്ദ്രം. വാക്സീൻ വികസിപ്പിക്കുന്നതിനായി മരുന്നു കമ്പനികളിൽ നിന്ന് താൽപര്യപത്രം ക്ഷണിച്ചു. പരിശോധനാ കിറ്റ് വികസിപ്പിക്കാനും കേന്ദ്രം താൽപര്യ പത്രം ക്ഷണിച്ചിട്ടുണ്ട്. അടുത്ത മാസം പത്തിനകം താൽപര്യപത്രം സമർപ്പിക്കാനാണ് നിർദേശം.
രാജ്യത്ത് മങ്കിപോക്സ് കേസുകളും സംശയിക്കപ്പെടുന്ന കേസുകളും കൂടുന്ന സാഹചര്യത്തിലാണ് ഐസിഎംആറിന്റെ (ICMR) നീക്കം. ഉത്തർപ്രദേശിൽ മങ്കിപോക്സ് ലക്ഷണങ്ങളുമായി രണ്ട് പേർ ചികിത്സ തേടിയിട്ടുണ്ട്. ഒരാൾ ഗാസിയാബാദിലെ ആശുപത്രിയിലും, മറ്റൊരാൾ ദില്ലി എൽഎൻജിപി ആശുപത്രിയിലുമാണ് ചികിത്സയിൽ കഴിയുന്നത്. രണ്ട് പേരുടെയും സ്രവം പുണെയിലെ വൈറോളജി ഇൻസ്റ്റിറ്റ‍്യൂട്ടിലേക്ക് പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. സംസ്ഥാനത്തെ കൊവിഡ് ആശുപത്രികളിൽ പത്ത് കിടക്കകൾ മങ്കിപോക്സ് രോഗികൾക്കായി മാറ്റി വച്ചിട്ടുണ്ട്.
നിലവിൽ രാജ്യത്ത് നാല് കേസുകളാണ് സ്ഥിരീകരിച്ചിട്ടുള്ളത്. നാലാമത്തെ കേസ് കഴിഞ്ഞ ദിവസം ദില്ലിയിലാണ് സ്ഥിരീകരിച്ചത്. മൗലാന അബ്ദുൾ കലാം ആശുപത്രിയിൽ ചികിത്സയിലുള്ള 31 വയസ്സുള്ള യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. ഇയാൾ വിദേശയാത്ര നടത്തിയിട്ടില്ല. മൂന്ന് ദിവസം ദില്ലി എൽഎൻജെപി ആശുപത്രിയിൽ ചികിത്സയിലായിരുന്നു യുവാവ്. പനിയും, ത്വക്കിൽ തടിപ്പുകളും കണ്ടതിനെ തുടർന്നാണ് സാമ്പിൾ പരിശോധനയ്ക്ക് അയച്ചത്. യുവാവിനെ ചികിത്സച്ചവർ അടക്കം നിലവിൽ നീരീക്ഷണത്തിലാണ്.
രാജ്യത്തെ ആദ്യ മൂന്ന് മങ്കിപോക്സ് കേസുകളും റിപ്പോർട്ട് ചെയ്തത് കേരളത്തിൽ ആണ്. വിദേശത്ത് നിന്നെത്തിയ കൊല്ലം, കണ്ണൂർ, മലപ്പുറം സ്വദേശികൾക്കാണ് രോഗം സ്ഥിരീകരിച്ചിരുന്നത്. കേരളത്തിന് പുറത്ത് രോഗബാധ റിപ്പോർട്ട് ചെയ്തതും വിദേശ യാത്ര നടത്താത്ത ആൾക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്ത സാഹചര്യത്തിൽ കേന്ദ്ര ആരോഗ്യമന്ത്രാലയം നിരീക്ഷണവും ജാഗ്രതയും കർശനമാക്കാൻ നിർദേശിച്ചിട്ടുണ്ട്. രോഗ പ്രതിരോധത്തിനുള്ള മാർഗനിർദേശങ്ങൾ ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയിരുന്നു.