ന്യൂഡൽഹി: കേന്ദ്രസർക്കാർ ബി.ജെ.പി ഇതര സർക്കാറിനെ പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന് തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് പിന്തുണ നൽകിയാണ് റാവുവിന്റെ പ്രസ്താവന. ഡൽഹിയിലെ സർക്കാർ ജീവനക്കാരുടെ നിയന്ത്രണത്തിനായി ഓർഡിനൻസ് കൊണ്ടു വന്ന പശ്ചാത്തലത്തിലാണ് റാവുവിന്റെ പ്രതികരണം.കേന്ദ്രം ബി.ജെ.പി ഇതര സർക്കാറുകളെ പ്രവർത്തിക്കാൻ അനുവദിക്കുന്നില്ല. ഡൽഹിയിൽ എ.എ.പി പ്രചാരമുള്ള പാർട്ടിയാണ്. ബി.ജെ.പി എ.എ.പി സർക്കാറിന്റെ പ്രവർത്തനത്തിന് തടസം സൃഷ്ടിച്ചതോടെ അവർക്ക് സുപ്രീംകോടതിയെ സമീപിക്കേണ്ടി വന്നുവെന്നും കെ.സി.ആർ പറഞ്ഞു.
സുപ്രീംകോടതി സർക്കാർ ജീവനക്കാർ സംസ്ഥാന സർക്കാറിന്റെ നിർദേശപ്രകാരമാണ് പ്രവർത്തിക്കേണ്ടതെന്ന് പറഞ്ഞു. ഈ വിധിക്ക് ബഹുമാനം നൽകാതെ അടിയന്തരാവസ്ഥയെ അനുസ്മരിപ്പിക്കുന്ന തരത്തിൽ ഓർഡിനൻസ് പാസാക്കുകയാണ് കേന്ദ്രസർക്കാർ ചെയ്തതെന്നും കെ.സി.ആർ കുറ്റപ്പെടുത്തി.കേന്ദ്രസർക്കാർ എത്രയും പെട്ടെന്ന് ഓർഡിനൻസ് പിൻവലിക്കാൻ തയാറാവണം. ഇത് ഡൽഹിയുടെ മാത്രം പ്രശ്നമല്ല ജനാധിപത്യത്തിന്റെ മുഴുവൻ പ്രശ്നമാണെന്നും കെ.എസ്.ആർ കൂട്ടിച്ചേർത്തു.