ന്യൂഡൽഹി: 67 അശ്ലീലസൈറ്റുകൾ ബ്ലോക്ക് ചെയ്യാൻ ഉത്തരവിട്ട് കേന്ദ്രസർക്കാർ. ഇന്റർനെറ്റ് സേവനദാതാക്കൾക്കാണ് കേന്ദ്രസർക്കാർ നിർദേശം.പൂണെ കോടതിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് 63 വെബ്സൈറ്റുകൾ നിരോധിക്കാൻ കേന്ദ്രസർക്കാർ ഉത്തരവിട്ടത്. ഉത്തരാഖണ്ഡ് കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നാല് വൈബ്സൈറ്റുകൾ ബ്ലോക്ക് ചെയ്തത്.
2021ലെ ഐ.ടി നിയമത്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രസർക്കാർ നടപടി. നിയമപ്രകാരം ഭാഗികമായോ പൂർണമായോ നഗ്നത പ്രകടിപ്പിക്കുന്ന വെബ്സൈറ്റുകൾ നിരോധിക്കാൻ കേന്ദ്രസർക്കാറിന് ഉത്തരവിടാം. കേന്ദ്രസർക്കാർ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ഇത് നിരോധിക്കാനുള്ള ബാധ്യത ഇന്റർനെറ്റ് സേവനദാതാക്കൾക്കുമുണ്ട്.
മുമ്പും കേന്ദ്രസർക്കാർ ഇത്തരത്തിൽ നിരോധനം കൊണ്ടു വന്നിരുന്നു. എന്നാൽ, ഇത് പലപ്പോഴും കാര്യക്ഷമമായിരുന്നില്ല. മിറർ യു.ആർ.എല്ലുകളിലൂടെ പല വെബ്സൈറ്റുകളും നിരോധനം മറികടക്കുന്നതാണ് കണ്ടത്. ഇപ്പോഴത്തെ നിരോധനവും വെബ്സൈറ്റുകൾ ഈ രീതിയിൽ മറികടക്കുമോയെന്ന ആശങ്ക സൈബർ വിദഗ്ധർ ഉയർത്തുന്നുണ്ട്.