വിഴിഞ്ഞത്ത് ആദ്യ കപ്പലിനെ സ്വീകരിക്കുന്ന ചടങ്ങിൽ ലത്തീൻ സഭ പങ്കെടുക്കില്ലെന്ന് ഫാ. യൂജിൻ പെരേര. സഭക്ക് സർക്കാരുമായി ഒരു ഭിന്നതയുമില്ലെന്നും പക്ഷെ അണമുട്ടിയാൽ പാമ്പും കടിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ നടക്കുന്നത് കണ്ണിൽ പൊടിയിടാനുള്ള നീക്കമാണ്. പരിപാടിയോട് സഹകരിക്കാനുള്ള തീരുമാനത്തിൽ വിഴിഞ്ഞം ഇടവക ആത്മ പരിശോധന നടത്തണം. ക്രെയ്ൻ വരുന്നതിന് എന്തിനാണ് ഈ മാമാങ്കം. ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിച്ചതായി അറിയില്ലെന്നും യൂജിൻ പെരേര വ്യക്തമാക്കി.
സമരം അവസാനിപ്പിച്ച സമയത്തെ വാഗ്ദാനങ്ങൾ സർക്കാർ പാലിച്ചില്ലെന്നും അതിനാലാണ് ചടങ്ങിൽ സർക്കാരുമായി സഹകരിക്കാത്തതെന്നുമാണ് അദ്ദേഹത്തിന്റെ വാദം. അതിനിടെ, ആദ്യ കപ്പലെത്തിയ ഔദ്യോഗിക ചടങ്ങുകൾക്ക് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ വിഴിഞ്ഞം പോർട്ട് എംഡി സ്ഥാനത്ത് നിന്ന് അദീല അബ്ദുള്ളയെ മാറ്റി. അദീല അബ്‌ദുള്ളയ്ക്ക് പകരം പത്തനംതിട്ട കളക്ടറായിരുന്ന ദിവ്യ എസ് അയ്യരെ വിഴിഞ്ഞം പോർട്ട് എംഡിയായി നിയമിച്ചു. വിഴിഞ്ഞം തുറമുഖത്തേക്ക് കപ്പൽ എത്തുന്നതിന് തൊട്ടുമുമ്പാണ് എംഡിയെ മാറ്റുന്നത്.
വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട് അദീല അബ്ദുള്ളയായിരുന്നു ലത്തീൻ അതിരൂപതയുമായി വിവിധ ചർച്ചകൾ നടത്തിയിരുന്നത് ഉദ്ഘാടനച്ചടങ്ങിന് അവരെ എത്തിക്കാനുള്ള നീക്കങ്ങൾക്ക് നേതൃത്വം നൽകിയിരുന്നതും അദീലയായിരുന്നു. എന്നാൽ ഇന്നലെ പുറത്തിറക്കിയ ഔദ്യോഗിക ക്ഷണക്കത്തിൽ ആർച്ച് ബിഷപ്പിന്റെ പേരുണ്ടെങ്കിലും അവർ ചടങ്ങിൽ പങ്കെടുക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.