ചൈന ചില പ്രത്യേകതരം വസ്ത്രങ്ങൾക്കും വാക്കുകൾക്കുമെല്ലാം വിലക്കേർപ്പെടുത്താൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. റിപ്പോർട്ടുകൾ അനുസരിച്ച്, ചൈനീസ് ജനതയുടെ സംസ്കാരത്തിന് ഹാനികരവും ജനതയുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതുമായ വസ്ത്രധാരണവും സംസാരവും ഉൾപ്പെടെയുള്ള പെരുമാറ്റവും നിരോധിക്കും എന്നാണ് പറയുന്നത്.
ബ്ലൂംബെർഗ് ന്യൂസ് പറയുന്നതനുസരിച്ച്, ചൈനയിലെ നിയമസഭാ സ്റ്റാൻഡിംഗ് കമ്മിറ്റിയാണ് നിയമത്തിന്റെ ഡ്രാഫ്റ്റ് പുറത്തുവിട്ടത്, ഈ വർഷം തന്നെ അവ നിലവിൽ വരുത്തണം എന്നാണ് ആലോചിക്കുന്നത് എന്നും ബ്ലൂംബെർഗ് പുറത്ത് വിട്ട റിപ്പോർട്ടുകൾ പറയുന്നു. നിയമം ലംഘിച്ചാൽ 15 ദിവസം വരെ തടവോ അതുമല്ലെങ്കിൽ 5,000 യുവാൻ (56,470) വരെ പിഴയോ കിട്ടാം. എന്നാൽ, എങ്ങനെയൊക്കെയുള്ള സംസാരങ്ങളും വസ്ത്രങ്ങളുമാണ് സർക്കാർ നിരോധിക്കുക എന്ന കാര്യത്തിൽ ഇതുവരെ പൂർണമായ ഒരു വിവരം പുറത്ത് വന്നിട്ടില്ല.
1.4 ബില്യൺ ജനങ്ങളുള്ള ചൈനയിൽ വിയോജിപ്പുകളെ അടിച്ചമർത്താനുള്ള ശ്രമമാണ് പ്രസിഡന്റ് ഷി ജിൻപിങ് നടത്തുന്നത്, അതിന് ഉദാഹരണമാണ് ഈ ഡ്രാഫ്‍റ്റ് എന്ന വിമർശനം ഉയരുന്നുണ്ട്. നേരത്തെയും വസ്ത്രത്തിന്റെയും മറ്റും പേരിൽ ജനങ്ങൾക്കെതിരെ നടപടികൾ ഉണ്ടായിട്ടുണ്ട് എന്നും റിപ്പോർട്ടുകൾ പറയുന്നു. പരമ്പരാഗത ജാപ്പനീസ് വസ്ത്രമായ കിമോണോ ധരിച്ചതിന് ഷാങ്ഹായ്ക്ക് സമീപമുള്ള സുഷൗ നഗരത്തിൽ കഴിഞ്ഞ വർഷം ഒരു സ്ത്രീയെ ജയിലിലടച്ചിരുന്നു.
അതുപോലെ, വിവിധ പരിപാടികളിൽ റെയിൻബോ ഷർട്ടുകൾ ധരിക്കുന്നവർക്കും LGBTQ ആയിട്ടുള്ള ആളുകളെ പിന്തുണച്ചുകൊണ്ടുള്ള പതാകയും മറ്റും വിതരണം ചെയ്യുന്നവർക്ക് നേരെയും നടപടികൾ ഉണ്ടായിരുന്നു. അതുപോലെതന്നെ, ഈ വർഷം ആദ്യമാണ്, ഹോങ്കോങ്ങിലെ ജനാധിപത്യ അനുകൂല കലാപത്തിനിടെ കറുത്ത വസ്ത്രങ്ങൾ കയറ്റുമതി ചെയ്യുന്നത് നിരോധിച്ചത്.