ദില്ലി: കേന്ദ്ര സര്‍ക്കാരിനെതിരെ വെളിപ്പെടുത്തലുമായി സാമൂഹ്യ മാധ്യമ പ്ലാറ്റ്ഫോമായ എക്സ്. എക്സ് പ്ലാറ്റ്ഫോമിലെ ചില അക്കൗണ്ടുകള്‍ക്കും പോസ്റ്റുകള്‍ക്കുമെതിരെ നടപടിയെടുക്കാൻ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടുവെന്നാണ് വെളിപ്പെടുത്തല്‍.അക്കൗണ്ടുകള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാനും ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാരിന്‍റെ ആവശ്യപ്രകാരം ചില അക്കൗണ്ടുകള്‍ പിന്‍വലിച്ചിരുന്നുവെന്നും എക്സ് വ്യക്തമാക്കി.
എന്നാല്‍, നിയമനടപടി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അഭിപ്രായ സ്വാതന്ത്ര്യത്തെ ബാധിക്കുന്നതാണെന്നും ഇതിനോട് വിയോജിക്കുന്നതായും എക്സ് പ്ലാറ്റ് ഫോം അധികൃതര്‍ അറിയിച്ചു. എക്സ് പ്ലാറ്റ്ഫോമിന്‍റെ ഗ്ലോബല്‍ ഗവണ്‍മെന്‍റ് അഫേയേഴ്സ് എന്ന അക്കൗണ്ടിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പിഴയീടാക്കുന്നതും ജയില്‍ തടവും ഉള്‍പ്പെടെയുള്ള നിയമ നടപടി സ്വീകരിക്കാനാണ് നിര്‍ദേശം നല്‍കിയത്. കേന്ദ്ര സര്‍ക്കാരിന്‍റെ നിര്‍ദേശ പ്രകാരം ഇന്ത്യയില്‍ മാത്രം ചില അക്കൗണ്ടുകളും പോസ്റ്റുകളും പിന്‍വലിക്കുകയായിരുന്നു. ഇത്തരത്തില്‍ അക്കൗണ്ടുകള്‍ റദ്ദാക്കുന്നത് സുതാര്യതയെ ബാധിക്കുമെന്നും എക്സ് വ്യക്തമാക്കി.
കർഷക നേതാക്കളുടെയും കർഷക സമരവുമായി ബന്ധപ്പെട്ട എക്സ് അക്കൗണ്ടുകളും റദ്ദാക്കിയതിന് പിന്നാലെയാണ് പ്രതികരണം. കഴിഞ്ഞ കര്‍ഷക സമര സമയത്തും ഇപ്പോഴത്തെ കര്‍ഷക സമരത്തിനിടെയും അക്കൗണ്ടുകള്‍ റദ്ദാക്കിയ സംഭവവും ചില പോസ്റ്റുകള്‍ക്കെതിരായ നടപടിയും ഉണ്ടായിരുന്നു. ഇതിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ വിമര്‍ശനം ഉയര്‍ന്നതിനിടെയാണ് ഇക്കാര്യത്തില്‍ പ്രതികരണവുമായി എക്സ് രംഗത്തെത്തിയത്.