സ്ത്രീകളില്‍ പൊതുവായി കാണപ്പെടുന്ന അര്‍ബുദങ്ങളാണ് സ്തനാര്‍ബുദവും ഗര്‍ഭാശയമുഖ അര്‍ബുദവും. സെര്‍വിക്കല്‍ കാന്‍സര്‍ അഥവാ ഗര്‍ഭാശയമുഖ അര്‍ബുദം ഹ്യൂമന്‍ പാപ്പിലോമ വൈറസ്(എച്ച്പിവി) അണുബാധയുമായി ബന്ധപ്പെട്ടിരിക്കുന്നു. സ്ത്രീകളിലെ പ്രത്യുൽപാദനക്ഷമമായ കാലഘട്ടത്തില്‍, പ്രത്യേകിച്ച് ഗര്‍ഭധാരണ സമയത്ത് ഈ അര്‍ബുദം വലിയ വെല്ലുവിളികള്‍ ഉയര്‍ത്താറുണ്ട്. ഇനി പറയുന്ന അഞ്ച് കാര്യങ്ങള്‍ ഗര്‍ഭാശയമുഖ അര്‍ബുദത്തെ പ്രതിരോധിക്കാന്‍ സഹായകമാണെന്ന് കാര്‍കിനോസ് ഹെല്‍ത്ത്കെയറിലെ ജനറല്‍ പ്രാക്ടീഷണര്‍ ഡോ. ദേവു പ്രകാശ്
അഭിമുഖത്തില്‍ പറയുന്നു.
1. ആരോഗ്യകരമായ ശരീരഭാരം
ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്തേണ്ടത് എച്ച്പിവി അനുബന്ധ അര്‍ബുദത്തിന്‍റെയും അണുബാധയുടെയും പ്രതിരോധത്തിന് അത്യാവശ്യമാണ്. അമിതവണ്ണം ഉയര്‍ന്ന എച്ച്പിവി അണുബാധ നിരക്കുമായി ബന്ധപ്പെട്ടിരിക്കുന്നു.
2. പോഷക സമ്പുഷ്ടമായ ഭക്ഷണം
പഴങ്ങളും പച്ചക്കറികളും ഹോള്‍ ഗ്രെയ്നുകളും ലീന്‍ പ്രോട്ടീനും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയ സന്തുലിതമായ ഭക്ഷണക്രമം പല തരത്തിലുള്ള അര്‍ബുദങ്ങളുടെ സാധ്യത കുറയ്ക്കുന്നു. ഫൈബറും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ഭക്ഷണം ശരീരത്തിലെ നീര്‍ക്കെട്ട് കുറച്ച് അര്‍ബുദ സാധ്യത വെട്ടിച്ചുരുക്കുന്നു. അതേ സമയം സംസ്കരിച്ച ഭക്ഷണങ്ങളും റെഡ് മീറ്റും ഉയര്‍ന്ന തോതില്‍ കൊഴുപ്പുള്ള പാലുത്പന്നങ്ങളുമെല്ലാം അര്‍ബുദ സാധ്യത വര്‍ധിപ്പിക്കും.
3. പുകവലിയും മദ്യപാനവും ഒഴിവാക്കാം
സ്തനാര്‍ബുദം, ശ്വാസകോശ അര്‍ബുദം, കരള്‍ അര്‍ബുദം എന്നിവയുടെയെല്ലാം സാധ്യത വര്‍ധിപ്പിക്കുന്ന ഘടകങ്ങളാണ് പുകവലിയും മദ്യപാനവും. പുകവലിയും മദ്യപാനവും ഉപേക്ഷിക്കുക വഴി സ്ത്രീകള്‍ക്ക് ഗര്‍ഭാശയമുഖ അര്‍ബുദം ഉള്‍പ്പെടെയുള്ള രോഗങ്ങളുടെ അപകടസാധ്യത കുറയ്ക്കാം.
4. എച്ച്പിവി വാക്സീന്‍
ഗര്‍ഭാശയമുഖ അര്‍ബുദത്തിന് കാരണമാകുന്ന ഹ്യൂമന്‍ പാപ്പിലോമ വൈറസിനെ ഫലപ്രദമായി പ്രതിരോധിക്കാന്‍ എച്ച്പിവി വാക്സീന്‍ വഴി സാധിക്കും. പെണ്‍കുട്ടികള്‍ ഒന്‍പത് വയസ്സിനും 13 വയസ്സിനും ഇടയില്‍ എച്ച്പിവി പ്രതിരോധ കുത്തിവയ്പ്പെടുക്കണമെന്നാണ് ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിക്കുന്നത്. ആദ്യ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന് മുന്‍പ് കുത്തിവയ്പ്പെടുക്കുന്നതാണ് അഭികാമ്യം.
5. ഇടയ്ക്കിടെയുള്ള പരിശോധന
പാപ് സ്മിയര്‍ ടെസ്റ്റാണ് ഗര്‍ഭാശയമുഖ അര്‍ബുദം കണ്ടെത്താനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗം. വേദനാരഹിതവും പാര്‍ശ്വഫലങ്ങളില്ലാത്തതുമായ ഈ പരിശോധനയ്ക്ക് ചുരുങ്ങി സമയവും ചെലവുമേ ആവശ്യമുള്ളൂ. 21-29 വയസ്സ് പ്രായവിഭാഗത്തിലുള്ളവര്‍ മൂന്ന് വര്‍ഷം കൂടുമ്പോഴും 30-65 വയസ്സ് പ്രായവിഭാഗത്തിലുള്ളവര്‍ ഓരോ മൂന്നു വര്‍ഷമോ അഞ്ച് വര്‍ഷമോ കൂടുമ്പോഴോ പരിശോധന നടത്തണം.