തിരുവനന്തപുരം: രാഷ്ട്രീയ വളര്‍ച്ചയുടെ കൊടുമുടി കയറുമ്പോഴും ജന്‍മനാടുമായും നാട്ടുകാരുമായും സൂക്ഷിച്ച ഹൃദയബന്ധമാണ് ഉമ്മന്‍ചാണ്ടിയെന്ന നേതാവിനെ വ്യത്യസ്തനാക്കിയത്. തുടര്‍ച്ചയായി അമ്പത്തിമൂന്നു കൊല്ലം ഒരു മണ്ഡലത്തില്‍ നിന്ന് തന്നെ ജയിക്കുകയെന്ന അത്യപൂര്‍വ ബഹുമതിയാണ് ആ ഹൃദയബന്ധത്തിനുളള സമ്മാനമായി പുതുപ്പളളിക്കാര്‍ ഉമ്മന്‍ചാണ്ടിക്ക് കൊടുത്തത്. ഉമ്മൻചാണ്ടിയുടെ വിദ്യാഭ്യാസ കാലഘട്ടത്തിലെ ഒരു സംഭവത്തെക്കുറിച്ച് പി. ടി. ചാക്കോയുടെ കുഞ്ഞൂഞ്ഞ് കഥകൾ എന്ന പുസ്തകത്തിൽ പറയുന്നുണ്ട്.
ഉമ്മൻചാണ്ടി വിദ്യാർത്ഥി രാഷ്ട്രീയത്തിൽ സജീവമായിരുന്ന കാലം. നന്നായി പഠിക്കുന്ന കൂട്ടുകാരന് ഒരു കോഴ്സിന് ചേരാൻ 30 രൂപയുടെ ആവശ്യം വന്നു. ഉമ്മൻ ചാണ്ടിയും സുഹൃത്തുക്കളും ചേർന്ന് അത് സംഘടിപ്പിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. മറ്റൊരു സുഹൃത്ത് വഴി സ്വന്തം മോതിരം പണയം വെച്ചു. കൂട്ടുകാരൻ കോഴ്സിന് ചേർന്നു. ഉമ്മൻചാണ്ടിക്കും സുഹൃത്തിനും പെരുത്ത സന്തോഷം. കുറച്ചുനാളുകൾക്ക് ശേഷം കൂട്ടുകാരൻ പകുതി പണം തിരിച്ചു കൊടുത്തു. ബാക്കി പണം സമ്പാദിച്ച് മോതിരം തിരിച്ചെടുക്കാൻ ചെന്നപ്പോൾ അത് ലേലം ചെയ്ത് പോയിരുന്നു. മോതിരം നഷ്ടപ്പെട്ട വിവരം മാതാപിതാക്കളിൽ നിന്ന് മറച്ചുവെച്ചു. പക്ഷേ ഒരു ദിവസം അമ്മ മോതിരം കയ്യിൽ ഇല്ലെന്ന് കണ്ടുപിടിച്ചു. കാര്യങ്ങളൊക്കെ അമ്മയോട് പറഞ്ഞു. വഴക്കൊന്നും പറഞ്ഞില്ല. പക്ഷേ അടുത്തു വിളിച്ച് കഴുത്തിലുണ്ടായിരുന്ന സ്വർണമാല ഊരി വാങ്ങി.
രോഗബാധിതനായി ദീർഘകാലമായി ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ വിയോഗം ബംഗളൂരുവിലെ ചിന്മയ ആശുപത്രിയിൽ ഇന്ന് പുലർച്ചെ 4.25 ന് ആയിരുന്നു. ആറു പതിറ്റാണ്ടു കാലം കേരള രാഷ്ട്രീയത്തിലെ ഏറ്റവും ജനകീയ മുഖമായി നിറഞ്ഞ നേതാവിന്റെ അന്ത്യം എഴുപത്തിയൊമ്പതാം വയസിലാണ്. പ്രത്യേക വിമാനത്തിൽ ബംഗളൂരുവിൽ നിന്ന് ഇന്ന് ഉച്ചയ്ക്കുശേഷം തിരുവനന്തപുരത്ത് എത്തിക്കുന്ന മൃതദേഹം പുതുപ്പള്ളി ഹൗസിലും സെന്റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രലിലും കെപിസിസി ആസ്ഥാനത്തും ദർബാർ ഹാളിലും പൊതുദർശനത്തിന് വെക്കും.
നാളെ രാവിലെ ഏഴിന് വിലാപയാത്ര ആയി കോട്ടയത്തേക്ക് കൊണ്ടുപോകും. കോട്ടയത്തു തിരുനക്കര മൈതാനത്താണ് ആദ്യ പൊതുദർശനം. മറ്റന്നാൾ ഉച്ചയ്ക്ക് രണ്ടരയ്ക്ക് പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിക്ക് എന്നും പ്രിയപ്പെട്ട സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളി സെമിത്തെരിയിൽ ആണ് സംസ്കാരം. മുൻ മുഖ്യമന്ത്രിയോടുള്ള ആദരസൂചകമായി സംസ്ഥാനത്ത് ഇന്ന് പൊതു അവധി പ്രഖ്യാപിച്ചു. മൂന്നു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണവും പ്രഖ്യാപിച്ചു.