തിരുവനന്തപുരം: നഗരത്തിൽ മൂന്നിടത്ത് മാലമോഷണ ശ്രമം. പിന്നിൽ ഒരേസംഘമെന്ന് സംശയം. ബുധനാഴ്ച രാത്രി ഒമ്പതിനും പത്തിനുമിടയിലാണ് സംഭവങ്ങൾ. കരമന മേലാറന്നൂർ, നേമം സ്റ്റുഡിയോ ജങ്ഷൻ, പകലൂർ എന്നിവിടങ്ങളിലാണ് മോഷണശ്രമം നടന്നത്. ബൈക്കിലെത്തിയ രണ്ടുപേരാണ് മൂന്നിടത്തും പിടിച്ചുപറിക്ക് ശ്രമിച്ചത്. ഇവർ വെള്ള ടീ ഷർട്ടാണ് ധരിച്ചിരുന്നതെന്ന് വിവരം കിട്ടിയിട്ടുണ്ട്. പകലൂരും സ്റ്റുഡിയോ ജങ്ഷനിലും ഒരേ സംഘമാണ് കവർച്ച ശ്രമം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
കരമന മേലാറന്നൂർ ജങ്ഷനിൽ രാത്രി 9.15 ഓടെയാണ് ആദ്യ മാല മോഷണ ശ്രമം നടന്നത്. ഇവിടെ കടയിൽവെച്ച് മധ്യവയസ്കന്‍റെ മാല പൊട്ടിക്കാനാണ് സംഘം ശ്രമിച്ചത്. എന്നാൽ ഇവർക്ക് മാല പൊട്ടിച്ചെടുക്കാനായില്ല. അരമണിക്കൂറിനിടെ ഇതിനടുത്തായി രണ്ട് മോഷണ ശ്രമം കൂടി നടന്നു. നേമം പകലൂരിൽ രാത്രി 9.30 ന് വീട്ടുജോലി കഴിഞ്ഞ് വന്ന സ്ത്രീയെ പിന്തുടർന്ന് മാലപൊട്ടിക്കാൻ ശ്രമമുണ്ടായി. ഇവർ കുതറിയപ്പോൾ മറിഞ്ഞുവീണു. ഇവരുടെ ബഹളം കേട്ട് ആളുകൾ ഓടികൂടിയപ്പോഴേക്കും സംഘം രക്ഷപ്പെട്ടു. 15 മിനിറ്റ് കഴിഞ്ഞ് കവർച്ചസംഘം സ്റ്റുഡിയോ ജങ്ഷനിലെത്തി. അവിടെ പെട്ടിക്കട നത്തുന്ന സ്ത്രീ ചവർ കത്തിക്കുന്നതിനിടയിൽ പിന്നിലൂടെ ചെന്ന് മാലപൊട്ടിക്കാൻ ശ്രമിച്ചു. അവർ ബഹളംവെച്ച് ആളെക്കൂട്ടിയതോടെ സംഘം രക്ഷപ്പെട്ടു.
മൂന്ന് സ്ഥലങ്ങളിലും മാല മോഷ്ടിക്കാൻ ശ്രമിച്ചത് ഒരേ സംഘം തന്നെയാണെന്ന നിഗമനത്തിലാണ് പൊലീസ്. പ്രതികളുടെ ബൈക്കും ധരിച്ചിരുന്ന വെള്ള ടി ഷർട്ടുമാണ് ഇത്തരമൊരു നിഗമനത്തിന് കാരണം. ഇക്കാര്യം പരിശോധിച്ച് ഉറപ്പുവരുത്താനുള്ള നീക്കത്തിലാണ് പൊലീസ്. കവർച്ച ശ്രമം നടന്ന സ്ഥലങ്ങളിലെ സി സി ടി വികൾ പരിശോധിക്കാൻ രാത്രിതന്നെ ബന്ധപ്പെട്ട സ്റ്റേഷനുകളിൽ നിർദേശം നൽകി. ബൈക്ക് കേന്ദ്രീകരിച്ചും അന്വേഷണം നടക്കുകയാണ്. പ്രതികളെ ഉടൻ തന്നെ പിടികുടാനാകുമെന്നാണ് പൊലീസ് പറയുന്നത്.