ഹൈദരാബാദ്: ആന്ധ്ര നിയമസഭ തെരഞ്ഞെടുപ്പില്‍ നടനും ജനസേന അധ്യക്ഷനുമായ പവന്‍ കല്യാണിനെതിരെ വെല്ലുവിളിയുമായെത്തിയ വൈ.എസ്.ആർ കോൺഗ്രസ് നേതാവ് മുദ്രഗഡ പത്മനാഭത്തിന് ഒടുവിൽ സ്വന്തം പേര് പോലും നഷ്ടമായി. പിതപുരം മണ്ഡലത്തില്‍ പവന്‍ കല്യാണ്‍ ജയിച്ചാല്‍ പേര് മാറ്റുമെന്നായിരുന്നു തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ പത്മനാഭം വെല്ലുവിളിച്ചിരുന്നത്. മുദ്രഗഡ പത്മനാഭം എന്ന പേര് ‘പത്മനാഭ റെഡ്ഡി’ എന്നാണ് ഔദ്യോഗികമായി മാറ്റിയത്.
വൈ.എസ്.ആർ കോൺഗ്രസ് സ്ഥാനാർഥി വംഗ ഗീതയെ 70,279 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പവന്‍ കല്യാണ്‍ പരാജയപ്പെടുത്തിയത്. പവന്‍ വൻ ഭൂരിപക്ഷത്തില്‍ ജയിച്ചതോടെ പത്മനാഭം പേര് മാറ്റാനുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കുകയും ഗസറ്റില്‍ വിജ്ഞാപനം ചെയ്യുകയും ചെയ്തു. ‘വീര രാഘവ റാവുവിന്‍റെ മകൻ മുദ്രഗഡ പത്മനാഭം ഇനി മുതൽ മുദ്രഗഡ പത്മനാഭ റെഡ്ഡി എന്നറിയപ്പെടും’ എന്നാണ് ആന്ധ്രാപ്രദേശ് ഗസറ്റിലൂടെ അറിയിച്ചത്.
പേര് മാറ്റാൻ ആരും നിർബന്ധിച്ചില്ലെന്നും സ്വന്തം ഇഷ്ടപ്രകാരം മാറ്റിയതാണെന്നും പത്മനാഭം മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ, പവന്‍ കല്യാണിന്‍റെ ആരാധകരും അനുയായികളും തനിക്കെതിരായ അധിക്ഷേപം തുടരുകയാണെന്നും അദ്ദേഹം പരാതിപ്പെട്ടു. മുൻ മന്ത്രിയും പ്രമുഖ കാപ്പ് സമുദായ നേതാവുമായ പത്മനാഭം തെരഞ്ഞെടുപ്പിന് മാസങ്ങൾക്ക് മുമ്പാണ് വൈ.എസ്.ആർ കോൺഗ്രസിൽ ചേർന്നത്.