തിരുവനന്തപുരം: ടോക്യോ പാരാലിംമ്പ്യന്‍മാര്‍ക്കായുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്‌കൂള്‍ സന്ദര്‍ശന പ്രചാരണത്തിന് കേരളത്തിലും തുടക്കമായി. പാരാലിംമ്പിക്സ് വെങ്കല മെഡല്‍ ജേതാവ് ശരദ് കുമാര്‍ വെള്ളിയാഴ്ച തിരുവനന്തപുരത്തെ ജിഎച്ച്എസ്എസ് കോട്ടണ്‍ ഹില്‍ സന്ദര്‍ശിച്ചു. വിവിധ ജില്ലകളിലെ 75 സ്‌കൂളുകളിലെ വിദ്യാര്‍ത്ഥി പ്രതിനിധികള്‍ക്കും പരിപാടിയില്‍ പങ്കെടുക്കാനും ലോക ചാംപ്യന്‍ഷിപ്പിലെ വെള്ളി മെഡല്‍ ജേതാവുമായി തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെക്കാനും അവസരം ലഭിച്ചു. കായിക വിനോദങ്ങളോടുള്ള സ്നേഹത്തിനും അഭിനിവേശത്തിനും പുറമെ അച്ചടക്കമുള്ള ജീവിതം പിന്തുടരേണ്ടതും പ്രധാനമാണെന്ന് ശരദ് പറഞ്ഞു. ”ഞാന്‍ ക്രിക്കറ്റ്, ഫുട്ബോള്‍, ടേബിള്‍ എന്നിവ കളിക്കുകയായിരുന്നു. ഓരോ കളിയും എങ്ങനെ സ്വാധീനം ചെലുത്തുന്നുവെന്ന് ഞാന്‍ കണ്ടു.ഞാന്‍ കായികവിനോദത്തോട് വളരെ തുറന്ന സമീപനമായിരുന്നു സ്വീകരിച്ചത്. ഹൈജംപ് എനിക്ക് ഇത്രത്തോളം മികച്ചതായിരിക്കുമെന്ന് ഉറപ്പില്ലായിരുന്നു.” ശരദ് പറഞ്ഞു.
”കൃത്യസമയത്ത് ഭക്ഷണം കഴിക്കുക, ഉറങ്ങുക, അച്ചടക്കം പാലിക്കുക, കാര്യങ്ങള്‍ പാതിവഴിയില്‍ ഉപേക്ഷിക്കാതിരിക്കുക എന്നിവയാണ് നല്ലതും വിജയകരവുമായ ജീവിതത്തിലേക്കുള്ള ഏക കുറുക്കുവഴി. നിങ്ങള്‍ക്ക് പോഷകങ്ങള്‍ നല്‍കാന്‍ ഭക്ഷണം ചെലവേറിയതായിരിക്കേണ്ടതില്ല വിലകുറഞ്ഞ ഭക്ഷ്യവസ്തുക്കള്‍ക്കു പോലും നിങ്ങള്‍ക്ക് ആവശ്യമായ പോഷകങ്ങള്‍ നല്‍കാന്‍ കഴിയും.” ശരദ് കൂട്ടിച്ചേര്‍ത്തു. സായ് പരിശീലകനായ ശരദ്, യുവ അത്ലറ്റുകള്‍ക്കുള്ള നുറുങ്ങുകളും പകര്‍ന്നുനല്‍കി. 2021 ഡിസംബറില്‍ ഒളിംപിക്‌സ് സ്വര്‍ണ മെഡല്‍ ജേതാവ് നീരജ് ചോപ്രയാണ് സ്‌കൂള്‍ സന്ദര്‍ശന പ്രചാരണ പരിപാടിക്ക് തുടക്കമിട്ടത്. വെങ്കല മെഡല്‍ ജേതാവ് ബജ്റംഗ് പുനിയയും നാവികരായ വരുണ്‍ തക്കറും കെ സി ഗണപതിയും തുടര്‍ന്നുള്ള ആഴ്ചകളില്‍ ഇതിനെ മുന്നോട്ട് കൊണ്ടുപോയി.