പാരീസ്: യുവേഫ ചാമ്പ്യൻസ് ലീഗിന്‍റെ പ്രീക്വാർട്ടറിൽ തന്നെ പുറത്തായതോടെ അടുത്ത സീസണിൽ പി എസ് ജിയിൽ വലിയ അഴിച്ചുപണി ഉണ്ടാവുമെന്ന് ഉറപ്പായി. സൂപ്പർതാരങ്ങളിൽ പലർക്കും ടീമിലെ സ്ഥാനം നഷ്ടമായേക്കും. യുവേഫ ചാന്പ്യൻസ് ലീഗ് കിരീടമെന്ന പി എസ് ജിയുടെ ഏറ്റവും വലിയ സ്വപ്നത്തിന് ഇത്തവണ തിരിച്ചടി നൽകിയത് ബയേൺ മ്യൂണിക്കായിരുന്നു. ഇരുപാദങ്ങളിലുമായി എതിരില്ലാത്ത മൂന്ന് ഗോളിനായിരുന്നു ബയേണിന്‍റെ ജയം.
ഇതോടെ ലിയോണൽ മെസിയും കിലിയൻ എംബാപ്പേയും അടക്കമുള്ള വമ്പന്‍ താരനിരയ്ക്ക് തലകുനിച്ച് മടങ്ങേണ്ടിവന്നു. ചാമ്പ്യൻസ് ലീഗ് കിരീടം സ്വപ്നമായി അവശേഷിക്കുന്നതിനാൽ അടുത്ത സീസണിൽ ടീം ഉടച്ചുവാർക്കാനാണ് പി എസ് ജി സ്പോർട്ടിംഗ് ഡയറക്ടർ ലൂയിസ് കാംപോസിന്‍റെ തീരുമാനം. പ്രധാനമായും നെയ്മറെ ഒഴിവാക്കി പകരം നാപ്പോളി സ്ട്രൈക്കർ വിക്ടർ ഒസിംഹനെ ടീമിലെത്തിക്കാണ് കാംപോസിന്‍റെ ശ്രമം.
ഇതിനായി ഒസിംഹന്‍റെ ഏജന്‍റ് റോബർട്ടോ കലെൻഡയുമായി കാംപോസ് പ്രാഥമിക ചർച്ച നടത്തിക്കഴിഞ്ഞു. 24 കാരനായ ഒസിംഹനായി 150 ദലക്ഷംയൂറോ വരെ മുടക്കാൻ പി എസ് ജി തയ്യാറാണ്. ഇതിന് പുറമെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് നായകന്‍ ഹാരി മഗ്വയറിനെ 50 ദശലക്ഷം പൗണ്ട് മുടക്കി ടീമിലെത്തിക്കാനും പി എസ് ജി നീക്കം തുടങ്ങിയിട്ടുണ്ട്. 2019ല്‍ 80 മില്യണ്‍ പണ്ടിന്‍റെ റെക്കോര്‍ഡ് ട്രാന്‍സ്ഫര്‍ തുകക്കാണ് മഗ്വയര്‍ ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള ഡിഫന്‍ഡറായി ലെസസ്റ്റര്‍ സിറ്റിയില്‍ നിന്ന് യുണൈറ്റഡിലെത്തിയത്. എന്നാല്‍ പുതിയ പരിശീലകന്‍ എറിക് ടെന്‍ ഹാഗിന്‍റെ ഇഷ്ടക്കാരുടെ ലിസ്റ്റില്‍ നിന്ന് മഗ്വയര്‍ പുറത്തായത് താരത്തിന് തിരിച്ചടിയയിരുന്നു.
ബാഴ്സലോണയിൽ നിന്ന് ലോകറെക്കോർഡ് തുകയ്ക്ക് ടീമിലെത്തിച്ച നെയ്മറിന് ഇതുവരെ ടീമിന്‍റെ പ്രതീക്ഷയ്ക്കൊത്ത് ഉയരാനായിട്ടില്ലെന്നാണ് പി എസ് ജിയുടെ വിലയിരുത്തൽ. മാത്രമല്ല തുടർച്ചയായി പരിക്കേൽക്കുന്ന നെയ്മർ ടീമിന് പലപ്പോഴും ബാധ്യതയുമാവുന്നുണ്ട്. കരാർ അവസാനിക്കുന്ന 2025വരെ പിഎസ്ജിയിൽ തുടരാനാണ് നെയ്മറിന്‍റെ തീരുമാനം. നെയ്മറിനൊപ്പം മറ്റ് ചില പ്രധാനതാരങ്ങളെയും ഒഴിവാക്കാനാണ് പിഎസ്ജിയുടെ നീക്കം.