തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന 5 ദിവസം കൂടി ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കൻ കർണാടക്ക് മുകളിൽ ചക്രവാതചുഴി സ്ഥിതി ചെയ്യുന്നുണ്ട്. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ തമിഴ്നാട് തീരത്തിന് മുകളിൽ മറ്റൊരു ചക്രവാതചുഴിയും രൂപപ്പെട്ടു. ബംഗാൾ ഉൾക്കടൽ ന്യൂനമർദ്ദ സാധ്യതയും ഉള്ളതിനാൽ സെപ്റ്റംബർ 29 ഓടെ മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിനും വടക്കൻ ആൻഡമാൻ കടലിനു മുകളിൽ മ്യാന്മാർ തീരത്തിന് സമീപം ചക്രവാതചുഴി രൂപപ്പെടാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
അടുത്തുള്ള 24 മണിക്കൂറിനുള്ളിൽ മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിനു കടലിനു മുകളിൽ മ്യാന്മാർ തീരത്തിന് സമീപം ചക്രവാതചുഴി ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. തുടർന്ന് പടിഞ്ഞാറു – വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ചു വീണ്ടും ശക്തി പ്രാപിക്കാനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു. കേരളത്തിൽ അടുത്ത 5 ദിവസം മിതമായ ഇടത്തരം മഴയുണ്ടാകുമെന്നാണ് പ്രവചനം. ഇടി മിന്നലോടുകൂടിയ മഴ തുടരാനാണ് സാധ്യത. സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 1 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
സംസ്ഥാനത്ത് ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തുടർന്നുള്ള ദിവസങ്ങളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. യെല്ലോ അലർട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നതെങ്കിലും മഴ ശക്തി പ്രാപിക്കാൻ സാധ്യതയുള്ള മലയോര മേഖലയിൽ പ്രത്യേക ജാഗ്രത പുലർത്തേണ്ടതാണെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നു. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.