മസ്‌കറ്റ്: ഒമാനിലെ വിവിധ ഗവര്‍ണറേറ്റുകളില്‍ വരും ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യത. അറബിക്കടലില്‍ ഉഷ്ണമേഖല ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിനെ തുടര്‍ന്നാണിത്. നാഷണല്‍ മള്‍ട്ടി ഹസാര്‍ഡ് ഏര്‍ലി വാണിങ് സെന്ററും ഡയറക്ടര്‍ ജനറല്‍ ഓഫ് മെറ്റീരിയോളജിയുമാണ് അറിയിപ്പ് പുറപ്പെടുവിച്ചത്.
തെക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റില്‍ റാസല്‍ ഹദ്ദില്‍ നിന്ന് 600 കിലോമീറ്റര്‍ അകലെയാണ് ന്യൂനമര്‍ദ്ദത്തിന്റെ കേന്ദ്രസ്ഥാനം. ഉഷ്ണമേഖല ന്യൂനമര്‍ദ്ദം ഒമാന്‍ തീരത്തേക്ക് വരാനുള്ള സാധ്യതയുണ്ട്. ഇതിന്റെ ഭാഗമായി ശനി, ഞായര്‍, തിങ്കള്‍ ദിവസങ്ങളിലും തുടര്‍ന്നും മഴയ്ക്ക് സാധ്യതയുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. 15 മുതല്‍ 60 മില്ലിമീറ്റര്‍ വരെ മഴ പെയ്യുമെന്നാണ് അറിയിപ്പ്.
ശനി, ഞായര്‍ ദിവസങ്ങളില്‍ തെക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലെ റാസല്‍ ഹദ്ദിനും അല്‍ വുസ്ത ഗവര്‍ണറേറ്റിലെ റാസ്മദ്‌റഖക്കും ഇടയിലും ഹജര്‍ മലനിരകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. അല്‍ ദാഖിലിയ, തെക്കന്‍ ശര്‍ഖിയ, വടക്കന്‍ ശര്‍ഖിയ, മസ്‌കറ്റ്, തെക്കന്‍ ബത്തിന, അല്‍ദാഹിറ എന്നിങ്ങനെ വിവിധ ഭാഗങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ട്.