ദില്ലി: അയോധ്യ കേസിലെ വിധി വിശദീകരിച്ച് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്. ചരിത്ര വിഷയങ്ങൾ കൂടി കണക്കിലെടുത്തുള്ളതായിരുന്നു വിധിയെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. അയോധ്യ തർക്കത്തിൻ്റെ നീണ്ട ചരിത്രവും ഇതുയർത്തിയ വ്യത്യസ്ത വീക്ഷണങ്ങളും കൂടി പരിഗണിച്ചാണ് ഏകസ്വരത്തിൽ വിധി പറയാൻ ബെഞ്ച് തീരുമാനിച്ചത്. വിധി ആര് എഴുതി എന്നത് വിധിന്യായത്തിൽ സൂചിപ്പിക്കുന്നത് ഒഴിവാക്കാനുള്ള തീരുമാനം ജഡ്ജിമാർ ഏകകണ്ഠമായി എടുത്തതാണെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു. വാർത്താ ഏജൻസിക്ക് നല്‍കിയ അഭിമുഖത്തിലാണ് അയോധ്യ കേസിൽ വിധി പറഞ്ഞ അഞ്ചംഗ ബഞ്ചിലെ അംഗമായിരുന്ന ജസ്റ്റിസ് ചന്ദ്രചൂഡിൻ്റെ വിശദീകരണം.
ജമ്മുകശ്മീരിൻ്റെ പ്രത്യേക അധികാരം റദ്ദാക്കിയത് ശരിവച്ചു കൊണ്ടുള്ള വിധിയിലെ വിമർശനം കാര്യമാക്കുന്നില്ലെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു. പറയാനുള്ളത് വിധിയിലുണ്ടെന്നും ഇക്കാര്യത്തിൽ അഭിപ്രായം പറയാനുള്ള അവകാശത്തെ മാനിക്കുന്നു എന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. സ്വവർഗ്ഗ വിവാഹത്തിന് നിയമസാധുത നല്‍കുന്ന കാര്യത്തിൽ തൻ്റേത് ന്യൂനപക്ഷ വിധിയായതിൽ നിരാശയില്ലെന്നും ഇത്തരം വിഷയങ്ങൾ വ്യക്തിപരമായി എടുക്കാറില്ലെന്നും ചന്ദ്രചൂഡ് വിശദീകരിച്ചു.