കോഴിക്കോട് : തെരുവുനായയുടെ കടിയേറ്റ വീട്ടമ്മയുടെ മരണം പേവിഷബാധ മൂലമല്ലെന്ന് പരിശോധനാഫലം. പേരാമ്പ്ര കുത്താളി സ്വദേശി പുതിയേടത്ത് ചന്ദ്രികയാണ് കഴിഞ്ഞ ശനിയാഴ്ച മരിച്ചത്. കഴിഞ്ഞ മാസം 21നാണ് വീടിന് അടുത്തുള്ള വയലില്‍വച്ച് ഇവരുടെ മുഖത്ത് തെരുവുനായയുടെ കടിയേറ്റത്. അതിനുശേഷം പേവിഷബാധയ്ക്കെതിരെ കൃത്യമായ ഇടവേളകളില്‍ വാക്‌സീനുകള്‍ എടുത്തിരുന്നു.
പത്ത് ദിവസം മുൻപ് ഇവര്‍ക്ക് പനിയും അണുബാധയുമുണ്ടായി. പേവിഷബാധയുടെ ലക്ഷണങ്ങളും പ്രകടിപ്പിച്ചു. നായയുടെ കടിയേറ്റ അന്നുതന്നെ ചന്ദ്രികയ്ക്ക് താലൂക്ക് ആശുപത്രിയിൽനിന്ന്, തൊലിപ്പുറത്ത് നൽകുന്ന ഇൻട്രാ ഡെർമൽ വാക്സീൻ (ഐഡിആർവി) നൽകിയിരുന്നു. മുഖത്തേറ്റ പരുക്ക് ഗുരുതരമായതിനാൽ മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്തു. അവിടെയെത്തിയ ചന്ദ്രികയ്ക്ക് അന്നുതന്നെ ഇക്വീൻ ആന്റി റാബീസ് വാക്സീൻ നൽകി. ജൂലൈ 24, 28 തീയതികളിൽ 2 ഡോസ് കൂടി നൽകി.
പിന്നീട് ഈ മാസം ഏഴിനാണ് പനിയും അസ്വസ്ഥതകളും മൂലം സഹകരണ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചത്. 6 മണിക്കൂറിനുള്ളിൽ ഐസിയുവിലേക്ക് മാറ്റി. 18ന് അവസാന ഡോസ് നൽകേണ്ടതായിരുന്നെങ്കിലും വെന്റിലേറ്ററിൽ കഴിഞ്ഞിരുന്നതിനാൽ അതുണ്ടായിട്ടില്ല. 21–ാം തീയതി ചന്ദ്രിക മരണത്തിനു കീഴടങ്ങിയതോടെയാണ് വാക്സീന്റെ ഫലശേഷി സംബന്ധിച്ച് സംശയങ്ങൾ ഉയർന്നത്.